മുട്ടില്‍ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കോടതി
കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാക്കേസില്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കോടതി. കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ ഇന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായില്ല. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും, രണ്ടാം പ്രതി ആന്റോ അഗസ്റ്റിന്‍, മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരോട് വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാകാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ പ്രതികള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് ഈ മാസം 11-ലേക്ക് മാറ്റി.
വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ സംരക്ഷിത മരങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം ഈട്ടിമരങ്ങള്‍ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരക്കമ്പനി ഉടമയ്ക്ക് വില്‍പന നടത്തി വിശ്വാസവഞ്ചന കാണിച്ചെന്നാണ് കേസ്. കമ്പനി ഉടമ എം.എം. അലിയാര്‍ നല്‍കിയ പരാതിയില്‍ 2021-ലാണ് എറണാകുളം അമ്പലമേട് പോലീസ് റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസെടുത്തത്.
കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നിരന്തരം ഹാജരാകാതിരിക്കുന്നത് നേരത്തെയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മരംമുറി കേസിലെ വിചാരണ നടക്കുന്നതിനാല്‍ ചോറ്റാനിക്കര കോടതിയിലെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ മൂന്ന് തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. നിലവില്‍ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനുമുമ്പ്, കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിരുന്നു. വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.