'വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കടകള്‍ തുറന്ന യാത്ര'; ഭാരത് ജോഡോ യാത്രയ്ക്ക് 4 വയസ്സ്; ഫെയ്സ്ബുക്ക് കുറിപ്പുമായി കെ.സി. വേണുഗോപാൽ
ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ മുന്നേറ്റമായ 'ഭാരത് ജോഡോ യാത്ര'യുടെ നാലാം വാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. രാജ്യത്തെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ ഈ ചരിത്രയാത്ര, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാന കാലത്തിന് നേര്‍ക്ക് തുറന്നുപിടിച്ച കണ്ണാടിയായി ഇന്നും നിലകൊള്ളുകയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് മാറി സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ചേര്‍ത്തുപിടിക്കലിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസ് ഇതിലൂടെ ശ്രമിച്ചതെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. 136 ദിവസങ്ങള്‍ കൊണ്ട് 4081 കിലോമീറ്റര്‍ സഞ്ചരിച്ച്, 12 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട് ശ്രീനഗറിലെ ലാല്‍ ചൗക്കിലാണ് യാത്ര അവസാനിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിന് ഇന്ന് നാലുവയസ്സ് തികയുകയാണ്. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കടകള്‍ തുറന്നുകൊണ്ട്, ഈ രാജ്യത്തെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ 'ഭാരത് ജോഡോ യാത്ര' ഇന്ത്യയുടെ വര്‍ത്തമാന കാല രാഷ്ട്രീയത്തിന് നേര്‍ക്ക് തുറന്നുപിടിച്ച കണ്ണാടിയായി ഇന്നും നിലകൊള്ളുകയാണ്. ഗംഗയും യമുനയും കാവേരിയും പ്രവഹിക്കുന്ന, തമിഴനും മലയാളിയും കന്നഡിഗനും പഞ്ചാബിയും സ്‌നേഹം പങ്കിടുന്ന ഇന്ത്യയുടെ ആത്മാവ് തേടി കന്യാകുമാരിയില്‍ തുടങ്ങിയ ചരിത്രം ജമ്മു കശ്മീരിന്റെ മണ്ണില്‍ പൂര്‍ണതയിലെത്തിയത് ഇന്നും ഈ രാജ്യത്തിന്റെ ഹൃദയത്തില്‍ ഒളിമങ്ങാതെ കിടപ്പുണ്ട്. അതുകൊണ്ടുതന്നെയാണ്, ഭാരത് ജോഡോ യാത്രയ്ക്ക് മുന്‍പും ശേഷവുമെന്ന് ചരിത്രം അതിനെ രേഖപ്പെടുത്തിയതും.
കേരളം പോലും കടക്കില്ലെന്നും കണ്ടെയ്‌നര്‍ യാത്രയെന്നും വരെ പരിഹസിച്ചും ഭാരത് ജോഡോ യാത്രയെ മുന്‍വിധിയോടെ കണ്ടും വിമര്‍ശിച്ചും ഒരുവിഭാഗം നിലകൊണ്ടപ്പോള്‍, 'മിലേ കദം, ജോഡോ വദന്‍' അഥവാ 'ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, 136 ദിവസങ്ങള്‍ കൊണ്ട് 4081 കിലോമീറ്റര്‍ സഞ്ചരിച്ച്, 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും കടന്ന യാത്ര ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തിയാണ് അവസാനിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയം വമിപ്പിക്കുന്ന അന്തരീക്ഷത്തില്‍ ശ്വാസം മുട്ടിയ കുഞ്ഞുങ്ങള്‍ രാഹുല്‍ ഗാന്ധിയെന്ന സ്‌നേഹത്തിന്റെ ആള്‍രൂപത്തിലേക്ക് ഓടിയടുക്കുന്ന കാഴ്ചകള്‍ ആദ്യദിനം മുതല്‍ ഭാരത് ജോഡോ യാത്രയുടെ സന്ദേശങ്ങളായത് തൊട്ടടുത്തുനിന്ന് കാണാനും അനുഭവിക്കാനുമായി എന്നതും എന്റെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും അഭിമാനവും സംതൃപ്തിയും നിറയുന്ന നിമിഷങ്ങളായിരുന്നു. മത-ജാതി വ്യത്യാസത്തില്‍ മനുഷ്യനെ വിഭജിക്കാനൊരുമ്പെടുന്ന സംഘപരിവാര്‍ ഭരണകൂടത്തില്‍ നിന്ന് വിടുതി നേടി, സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ചേര്‍ത്തുപിടിക്കലിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യയെന്ന ഒരൊറ്റ ആശയമായി നടക്കുകയായിരുന്നു നമ്മള്‍, ഈ ചരിത്രയാത്രയിലൂടെ. ഉയര്‍ത്തിപ്പിടിക്കാന്‍ ഒരൊറ്റ ആശയമേ ആദ്യവും അവസാനവും കൈമുതലായുണ്ടായിരുന്നുള്ളൂ, ഇന്ത്യ. ഓരോ ദിവസവും വൈവിധ്യങ്ങളെ വാരിപ്പുണര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നമ്മള്‍ നടന്നത്. ഫാഷിസത്തിന്റെ വേരുറയ്ക്കാത്ത എണ്ണമറ്റ മനസ്സുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നമുക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ, ഈ രാഷ്ട്രത്തിന്റെ ബൃഹത്തായ ഭരണഘടനയും അതിലുറച്ച വിശാലമായ ജനാധിപത്യവും മതേതരത്വവും അതിലൂന്നിയ അഖണ്ഡതയും എക്കാലവും സുരക്ഷിതമായിരിക്കും എന്ന ഉറപ്പ് തീര്‍ച്ചപ്പെടുത്താനുള്ള നടത്തമാണ് കശ്മീരില്‍ പൂര്‍ത്തിയായത്.
യാത്രയ്ക്ക് ശേഷം നാം കണ്ടത്, അതിന് നേതൃത്വം നല്‍കിയ മനുഷ്യന്‍ ഉയര്‍ത്തിയ ആശയങ്ങളെ ഹൃദയത്തിലേറ്റിയ ഇന്ത്യയെയാണ്. ഭാരത് ജോഡോ യാത്ര തീര്‍ത്ത ആവേശം കൈമുതലായെടുത്ത്, യാത്രയിലുടനീളം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഇന്ത്യ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ചെറുകക്ഷികള്‍ മുതല്‍ക്ക് ദേശീയ പാര്‍ട്ടികള്‍ വരെ കോണ്‍ഗ്രസിനൊപ്പം അണിനിരക്കുന്നത് ഇന്ത്യയിലെ ഏറ്റവും മനോഹാരിതയുള്ള കാഴ്ചയായിരുന്നു. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് കൃത്യമായി പ്രതിഫലിക്കുകയും ചെയ്തു. 52 സീറ്റുകളില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 99 സീറ്റുകളിലേക്കും 'ഇന്‍ഡ്യ' സഖ്യം 232 എന്ന സംഖ്യയിലേക്കും കുതിച്ചുകയറിയത് ഭാരത് ജോഡോ യാത്രയും രാഹുല്‍ ഗാന്ധിയും രാജ്യത്തുടനീളം ഉയര്‍ത്തിവിട്ട ജനാധിപത്യ, മതേതര ബോധ്യങ്ങളുടെയും ഇന്ത്യയെന്ന ഒറ്റ ആശയത്തിന്റെയും കരുത്ത് കൊണ്ടാണ്. ഇന്ന് അതേ രാഹുല്‍ ഗാന്ധി ഈ രാജ്യത്തിന്റെ പ്രതീക്ഷയാണ്. ഡല്‍ഹിയിലെ തെരുവുകളില്‍ പോരാട്ടം നയിച്ച യുവതയും തങ്ങളുടെ പ്രതീക്ഷയും സ്വപ്നങ്ങളും രാഹുല്‍ ഗാന്ധിയിലേല്‍പ്പിച്ചത് അതിന്റെ തുടര്‍ച്ചയാണ്. അതില്‍ ഭാരത് ജോഡോ യാത്ര വഹിച്ച പങ്ക് ചെറുതല്ല.
എന്നൊക്കെ രാഷ്ട്രത്തിന്റെ ഹൃദയം മുറിവേല്‍ക്കപ്പെട്ടിട്ടുണ്ടോ, അന്നൊക്കെ അത് തുന്നിച്ചേര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ മുറിവ് തുന്നിച്ചേര്‍ത്തുകൊണ്ട് ഒരിക്കല്‍ക്കൂടി വീണ്ടെടുക്കുകയാണ് നമ്മള്‍, ഗാന്ധിയും നെഹ്റുവും അംബേദ്കറും ആസാദുമൊക്കെ പതിറ്റാണ്ടുകള്‍ രക്തവും ഹൃദയവും ഒടുവില്‍ ജീവനും നല്‍കി കാത്തുസൂക്ഷിച്ച ഇന്ത്യയുടെ ആത്മാവിനെ. രാജ്യം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യാനന്തര പോരാട്ടം നമുക്ക് തുടരാം, ഒന്നിച്ച്. ഭാരത് ജോഡോ യാത്രയുടെ നാലാം വാര്‍ഷികം അതിനുള്ള കരുത്ത് നല്‍കട്ടെ, ഇന്ത്യയുടെ ജനാധിപത്യത്തിന്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.