ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതില്‍ ആശങ്ക; ചെയര്‍മാന് കത്തയച്ച് ജീവനക്കാരുടെ സംഘടനകൾ
തിരുവനന്തപുരം: ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തതിന് പിന്നാലെ, ഐ.എസ്.ആര്‍.ഒ.യുടെ പ്രധാന നിര്‍മാണ-പ്രവര്‍ത്തന ചുമതലകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതില്‍ കടുത്ത ആശങ്കയറിയിച്ച് ജീവനക്കാര്‍. നയപരമായ കാര്യങ്ങളിലും ഭാവിയിലെ നിയമനങ്ങളിലും അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ജീവനക്കാരുടെ സംഘടനകള്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന് കത്തയച്ചു. സെപ്റ്റംബര്‍ നാലിനാണ് ഈ നിവേദനം കൈമാറിയത്.
വിക്ഷേപണ വാഹന നിര്‍മാണത്തില്‍നിന്ന് ഭാവിയില്‍ ഐ.എസ്.ആര്‍.ഒ. പിന്‍വാങ്ങുമെന്നും, ഇനി ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമാകും സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നുമുള്ള നോഡല്‍ ഏജന്‍സിയായ 'ഇന്‍-സ്‌പേസ്' ചെയര്‍മാന്‍ പവന്‍ ഗോയങ്കയുടെ പരാമര്‍ശങ്ങളാണ് ജീവനക്കാരില്‍ പ്രതിഷേധത്തിനും ആശങ്കയ്ക്കും വഴിവെച്ചത്.
എസ്.എസ്.എല്‍.വിക്ക് പുറമെ പി.എസ്.എല്‍.വി, എല്‍.വി.എം-3 എന്നിവയുടെ നിര്‍മാണവും ഉപഗ്രഹ നിര്‍മാണവും പൂര്‍ണമായി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് അടക്കമുള്ള സംവിധാനങ്ങള്‍ കൈമാറുന്നതും ഐ.എസ്.ആര്‍.ഒ.യുടെ നൂറ്റ ഇരുപതോളം സാങ്കേതികവിദ്യകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇത്തരം പ്രചാരണങ്ങള്‍ ജീവനക്കാരുടെയും കുടുംബങ്ങളുടെയും ഇടയില്‍ വലിയ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ടെന്നും, എന്നാല്‍ ഔദ്യോഗിക തലത്തില്‍ ബഹിരാകാശ വകുപ്പ് യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. വിക്ഷേപണ വാഹനങ്ങളുടെ രൂപകല്‍പ്പനയും നിര്‍മാണവും കേവലമൊരു കരാര്‍ പണിയല്ലെന്നും അത് സ്ഥാപനത്തിന്റെ അടിസ്ഥാന ശേഷിയാണെന്നും ജീവനക്കാര്‍ ഓര്‍മിപ്പിക്കുന്നു.
കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള സ്വകാര്യ പങ്കാളിത്തത്തെ എതിര്‍ക്കുന്നില്ലെങ്കിലും, ഐ.എസ്.ആര്‍.ഒ.യുടെ നിലവിലുള്ള ശേഷിയെ തന്നെ ഇല്ലാതാക്കുന്ന രീതിയിലുള്ള നീക്കങ്ങളില്‍ വ്യക്തത വേണമെന്നാണ് ആവശ്യപ്പെടുന്നത്. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ ഒമ്പത് ജീവനക്കാരുടെ സംഘടനകളാണ് ഈ സംയുക്ത കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.