ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ. സ്ഥാപനത്തിന്റെ പ്രാധാന്യവും പദവിയും ഒരിക്കലും കുറയില്ലെന്നും, ഐഎസ്ആര്‍ഒ നേതൃത്വം നല്‍കുന്ന ശക്തമായ ഒരു ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിര്‍മ്മിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബഹിരാകാശ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഒന്‍പത് ജീവനക്കാരുടെ സംഘടനകള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആശങ്കകള്‍ അകറ്റി ഐഎസ്ആര്‍ഒ ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയത്.
പുതിയ ബഹിരാകാശ നയം ഇന്ത്യന്‍ വിപണിയെ വലിയ തോതില്‍ വളര്‍ത്തിയെന്നാണ് ഐഎസ്ആര്‍ഒ ചൂണ്ടിക്കാട്ടുന്നത്. ഇന്‍സ്‌പേസ് (IN-SPACe) വഴി സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുകയും, എന്‍എസ്‌ഐഎല്‍ (NSIL) വഴി സാങ്കേതികവിദ്യകളുടെ വാണിജ്യവത്കരണം നടത്തുകയുമാണ് ചെയ്യുന്നത്. ഇതോടെ വാണിജ്യപരമായ ചുമതലകള്‍ മാറ്റി നിര്‍ത്തി, സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കലും വരും ചാന്ദ്ര ദൗത്യങ്ങളും അടക്കമുള്ള വന്‍കിട ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കും.
ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ജീവനക്കാരുടെ സംഘടനകള്‍ ഇത്ര ശക്തമായി ഒന്നിച്ച് രംഗത്തെത്തുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ മേഖലയെ പ്രയോജനപ്പെടുത്താമെങ്കിലും, ഐഎസ്ആര്‍ഒ ഒരു പൊതുമേഖലാ സ്ഥാപനമായി തന്നെ നിലനില്‍ക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ സ്വകാര്യവത്കരണ വാര്‍ത്തകള്‍ തള്ളിയ ഐഎസ്ആര്‍ഒ, പുതിയ മാറ്റങ്ങള്‍ സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരുകയേയുള്ളൂ എന്ന് ഉറപ്പുനല്‍കുന്നു.
സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റ്: വിശദീകരണവുമായി ഐഎസ്ആര്‍ഒ