തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ആര്‍. ശരത്തിന്റെ നിര്യാണത്തില്‍ ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചിച്ചു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളുടെ തിളക്കത്തിലേക്ക് മലയാള സിനിമയെ നയിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് മന്ത്രി സ്മരിച്ചു.
ആദ്യ ചിത്രമായ 'സായാഹ്ന'ത്തിലൂടെ ഇന്ദിരാഗാന്ധി പുരസ്‌കാരവും മികച്ച മലയാള ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് അദ്ദേഹം നേടിയത്. സിനിമയെ കേവലം വിനോദമാധ്യമമായി കാണാതെ സാമൂഹികവും സാംസ്‌കാരികവുമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി കൂടിയായി ഉപയോഗിച്ച കലാകാരനായിരുന്നു ആര്‍. ശരത്തെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടാതെ കിടന്ന രാജാ രവിവര്‍മയുടെ അപൂര്‍വ ചുവര്‍ചിത്രങ്ങള്‍ കണ്ടെത്തിയത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ വേറിട്ടൊരു അധ്യായമായിരുന്നു. സിനിമയോടൊപ്പം കലാചരിത്രത്തെയും പൈതൃകത്തെയും ഗൗരവത്തോടെ സമീപിച്ച ഇത്തരം അന്വേഷണ മനോഭാവമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയതെന്നും മന്ത്രി അനുസ്മരിച്ചു.
'സ്ഥിതി', 'ശീലാബതി', 'ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു' തുടങ്ങിയ ചിന്തിപ്പിക്കുന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അനുഭവങ്ങള്‍ സമ്മാനിച്ച ആര്‍. ശരത്തിന്റെ വിയോഗം മലയാള ചലച്ചിത്ര-സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആര്‍. ശരത്തിന്റെ വിയോഗം സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടം: മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചിച്ചു