തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള മുന്നൊരുക്ക പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടത്. തീര്‍ഥാടനം ആരംഭിച്ച ശേഷവും നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്നും, ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതില്‍ ഒരുവിധ വീഴ്ചയും വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കണ്‍ട്രോള്‍ റൂം സ്ഥാപിക്കാനും പ്രസാദ വിതരണത്തിനാവശ്യമായ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. കെട്ടിടങ്ങളുടെ കെട്ടുറപ്പ്, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍, വൈദ്യുതി സുരക്ഷ എന്നിവ പരിശോധിച്ചു ഉറപ്പുവരുത്തണം. ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തുന്ന ഇടത്താവളങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാനും, ശുചിമുറികളുടെ വൃത്തിയും കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്താനും അപകടകരമായ രീതിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
പമ്പയിലും സന്നിധാനത്തും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരുന്ന ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ശബരിമല പാതകളുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് 551 കോടി രൂപയുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പി.കെ. ബഷീറും, തീര്‍ഥാടകര്‍ക്കായി 500 ബസുകള്‍ ലീസിനെടുത്ത് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തുമെന്ന് മന്ത്രി സി.പി. ജോണും അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണ്ണസജ്ജമാണെന്ന് മന്ത്രി കെ.എം. ഷാജിയും യോഗത്തില്‍ വ്യക്തമാക്കി.
അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പ്രതിദിനം മൂന്നേകാല്‍ ലക്ഷം അരവണ ഉത്പാദിപ്പിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ 70 ലക്ഷം അരവണ സ്റ്റോക്ക് ഉറപ്പാക്കുമെന്നും അപ്പം പായ്ക്കിംഗിന് യന്ത്രവല്‍കൃത സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണം; സുരക്ഷയിലും സൗകര്യങ്ങളിലും വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി