ഇഡി കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചതോടെയാണ് പിണറായി രൂക്ഷമായി പ്രതികരിച്ചത്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് “പുറത്ത് നിക്കെടോ. എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാനല്ല” എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
അതേസമയം, ഇഡി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിനും പ്രതിപക്ഷനിരയിലെ മറ്റൊരു പ്രധാന നേതാവിനുമെതിരെ കേസെടുക്കാനുള്ള നീക്കത്തിൽ ധൃതിപിടിച്ച നടപടികളുണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. നിയമോപദേശം തേടുന്നതിനും വിഷയത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സമയം എടുത്തശേഷം തീരുമാനത്തിലെത്താനാണ് ധാരണ.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയത്.
ഇഡി നടപടിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തകർക്കുകയാണ് കേന്ദ്ര ഏജൻസിയുടെ ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചു.ഇഡി നീക്കവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.