തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പ് കാട്ടിയ അനാസ്ഥയും ദീർഘവീക്ഷണമില്ലാത്ത നടപടികളുമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ. ജിൻഡാൽ കമ്പനികളുമായി ഉണ്ടാക്കിയ 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ വീണ്ടുവിചാരമില്ലാതെ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധി മൂർച്ഛിക്കാൻ പ്രധാന കാരണം. കമ്പനികളുമായി യഥാസമയം വേണ്ടവിധത്തിൽ ചർച്ച നടത്താൻ വൈദ്യുതി വകുപ്പിന് കഴിയാതെ പോയതിനാലാണ് ഈ കരാർ റദ്ദാക്കപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽ-നിനോ പ്രതിഭാസം മൂലം വൈദ്യുതി ഉൽപ്പാദനത്തിൽ തടസ്സം നേരിടാനും ഉപയോഗം വർദ്ധിക്കാനും സാധ്യതയുള്ളതിനാൽ മുൻകൂട്ടി കരുതലെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം മുൻ എൽ.ഡി.എഫ് സർക്കാർ അവഗണിക്കുകയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ പെട്ടെന്നുള്ള മഴ കാരണം കൽക്കരിപ്പാടങ്ങളിൽ വെള്ളം കയറിയത് ഉൽപ്പാദനത്തെ ബാധിക്കുകയും സ്പോട്ട് പർച്ചേസിംഗ് നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. പകൽ സമയത്ത് സോളാർ വൈദ്യുതി ലഭ്യമാകുന്നതിനാൽ മുൻ കരാർ അനുസരിച്ച് വൈദ്യുതി സറണ്ടർ ചെയ്യുകയും പീക്ക് സമയത്ത് മാത്രം വാങ്ങുകയും ചെയ്യുന്നത് മൂലം പുതിയ ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടാൻ കമ്പനികൾ വിസമ്മതിക്കുകയാണ്. കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള ആശയവിനിമയമില്ലായ്മയും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
മൂന്നു മാസം മുമ്പ് മാത്രം അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരിന് പഴയ കരാറുകൾ പഠിക്കുന്നതിനോ പുതിയവയിൽ ഏർപ്പെടുന്നതിനോ സമയം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ പ്രതിസന്ധിയ്ക്ക് യു.ഡി.എഫ് സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യവും തങ്ങളുടെ ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമവുമാണെന്ന് ദേവരാജൻ അഭിപ്രായപ്പെട്ടു.