‘മോഹൻ കുന്നുമേൽ വിസിയായത് പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്’; മന്ത്രി റോജി എം. ജോൺ
കൊച്ചി: സർവകലാശാല വൈസ് ചാൻസലർമാർ പ്രത്യയശാസ്ത്ര ധ്രുവീകരണത്തിന് ഇടയാക്കുന്ന നിലപാടുകളിൽ നിന്നും രാഷ്ട്രീയ സംഘടനകളുടെ പരിപാടികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ഇത്തരം നിലപാടുകൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഭൂഷണമല്ലെന്നും വൈസ് ചാൻസലർമാർ തങ്ങളുടെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വൈസ് ചാൻസലർ പദവികൾ 1:1 എന്ന നിലയിൽ വീതംവച്ചപ്പോഴാണ് മോഹൻ കുന്നുമേലിനെ കേരള സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്ന് മന്ത്രി ആരോപിച്ചു. മോഹൻ കുന്നുമേൽ ഇപ്പോഴും കേരള സർവകലാശാല വിസിയായി തുടരുന്നതിന് കാരണക്കാർ അന്നത്തെ സർക്കാരാണെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി.
അതേസമയം, കോതമംഗലം എം.എ. കോളേജിൽ മരിച്ച അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർഥി മിച്ചി മാർപ്പുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിലെത്തി മിച്ചി മാർപ്പുവിന്റെ കുടുംബത്തെ കണ്ട ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം എംബാം ചെയ്ത് ബന്ധുക്കളുടെ താൽപ്പര്യപ്രകാരം നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. സഹപാഠികൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും ഒരുക്കും. കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് ചടങ്ങുകളുടെ ചിത്രീകരണം പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
കുടുംബത്തിന് പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക സർവകലാശാലയിൽ 2024ൽ അന്നത്തെ ബോർഡ് ഓഫ് ഗവേണൻസ് കൊണ്ടുവന്ന ഇയർബാക്ക് സംവിധാനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ പുതിയ സിൻഡിക്കേറ്റ് സംവിധാനം താൽക്കാലികമായി ഒഴിവാക്കിയതായി മന്ത്രി അറിയിച്ചു.
കോളേജ് അധികൃതരുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും സർവകലാശാലയുടെ പൊതുമാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കും കോളേജുകൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച് ഇയർബാക്ക് സംവിധാനം സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടി സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും അതിന്റെ ഭാഗമായി പൊലീസ് നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യപരമായ സമരങ്ങൾക്ക് സർക്കാർ എതിരല്ല. എന്നാൽ സമരങ്ങൾക്ക് പാലിക്കേണ്ട ചില മര്യാദകളുണ്ട്. വനിതാ വൈസ് ചാൻസലർക്കെതിരെ വളരെ അപരിഷ്കൃതമായ സമരരീതിയാണ് ഉണ്ടായതെന്നും റോജി എം. ജോൺ വിമർശിച്ചു.
കണ്ണൂർ സർവകലാശാല ക്യാമ്പസിനകത്ത് പരിപാടി നടത്തുന്നതിനായി ഔദ്യോഗിക അപേക്ഷ നൽകുകയും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യാത്തതിനാലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.