ഓണത്തിരക്കിൽ പൊന്മുടി; നാല് ദിവസം കൊണ്ട് വനം വകുപ്പിന് 6.18 ലക്ഷം രൂപ വരുമാനം
വിതുര: ഓണം ആഘോഷിക്കാൻ പൊന്മുടിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തിയതോടെ വനം വകുപ്പിന് മികച്ച വരുമാനം. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കലക്ഷനിൽ കുറവുണ്ടായെങ്കിലും ഓണക്കാലത്തെ തിരക്കും വരുമാനവും മോശമല്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നാല് ദിവസങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികളാണ് പൊന്മുടിയിലെത്തിയത്. ഉത്രാട ദിനമായ ചൊവ്വാഴ്ച 1,504 പ്രവേശന ടിക്കറ്റുകളാണ് വിറ്റത്. ഇതുവഴി 77,600 രൂപ വരുമാനം ലഭിച്ചു.
തിരുവോണ ദിനത്തിൽ 2,244 ടിക്കറ്റുകൾ വിറ്റതിലൂടെ 1,05,350 രൂപയാണ് ലഭിച്ചത്. അവിട്ടം ദിനത്തിൽ 4,250 ടിക്കറ്റുകളിൽനിന്നായി 2,01,450 രൂപ വരുമാനമുണ്ടായി. ചതയം ദിനത്തിൽ കലക്ഷൻ 2,33,760 രൂപയായി ഉയർന്നു. അന്ന് 4,823 ടിക്കറ്റുകളാണ് വിറ്റത്.ഓണത്തിന്റെ നാല് പൊതു അവധി ദിനങ്ങളിലായി പൊന്മുടിയിൽനിന്ന് വനം വകുപ്പിന് ആകെ 6,18,170 രൂപ വരുമാനം ലഭിച്ചു. പ്രവേശന ടിക്കറ്റുകൾക്ക് പുറമേ വാഹന പാർക്കിങ് ഉൾപ്പെടെയുള്ള വരുമാനവും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഓണക്കാലത്ത് വരുമാനം എട്ട് ലക്ഷത്തിന് മുകളിലെത്തിയിരുന്നു. എന്നാൽ ഇത്തവണ പ്രതികൂല കാലാവസ്ഥയും ശക്തമായ മഴയും സഞ്ചാരികളുടെ എണ്ണത്തെ ബാധിച്ചു. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിൽ കഴിഞ്ഞ വർഷത്തെ കലക്ഷൻ മറികടക്കാനാകുമായിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
ഓണക്കാലത്ത് പൊന്മുടിയിൽ അനുഭവപ്പെട്ട തിരക്ക് നിയന്ത്രണവിധേയമായിരുന്നുവെന്നും വനം വകുപ്പ് അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിലും സഞ്ചാരികൾക്ക് ആവശ്യമായ സഹായം നൽകുന്നതിലും വന സംരക്ഷണ സമിതി അംഗങ്ങളുടെ പ്രവർത്തനം നിർണായകമായി.ഇത്തവണ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. കൂടുതൽ സഞ്ചാരികളും കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിച്ചത്. ഓണദിനങ്ങളിൽ പൊന്മുടിയിലെത്തിയ കെഎസ്ആർടിസി ബസുകളെല്ലാം നിറഞ്ഞാണ് തിരിച്ചിറങ്ങിയതെന്ന് അധികൃതർ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയ്ക്കിടയിലും കലക്ഷൻ ആറ് ലക്ഷം രൂപ കടന്നതിൽ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിക്കും പ്രധാന പങ്കുണ്ടെന്നാണ് വിലയിരുത്തൽ. സഞ്ചാരികളുടെ ഒഴുക്ക് തുടർന്നതോടെ ഓണക്കാലത്ത് പൊന്മുടി വീണ്ടും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.