കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും വ്യാപക പരിശോധന നടത്തുന്നു. കോഴിക്കോട് ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് ഇന്ന് പരിശോധന പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണിത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഡിടിപിസി കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്നയാളാണ് നന്ദുലാൽ.
മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്കെതിരെ ചാർജ് നൽകുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് ഇന്നത്തെ നടപടിയെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, രേഖകൾ, മറ്റ് തെളിവുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. എട്ട് കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടത്തുമ്പോൾ കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതൽ പരിശോധനകൾ നടക്കുന്നത്.
കേസിൽ നേരത്തെ നടത്തിയ പരിശോധനകളിൽ ശേഖരിച്ച വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് ഇഡി തുടർനടപടികളിലേക്ക് കടക്കുന്നത്. പുതിയ പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
മാസപ്പടി കേസ്: ഇഡിയുടെ പരിശോധനവീണ്ടും ; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ റെയ്ഡ്