മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ആലപിച്ച അതേ വന്ദേമാതരം തന്നെയാണ് താനും പാടിയതെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താൻ ചെയ്തത് കുറ്റകൃത്യമാണെങ്കിൽ ഗാന്ധിജിക്കും നെഹ്റുവിനും വല്ലഭായ് പട്ടേലിനുമെതിരെ ബി.ജെ.പി ആദ്യം കേസ് ഫയൽ ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ നടന്ന കോൺഗ്രസ് ബൂത്ത് തല കൺവെൻഷനിൽ പ്രവർത്തകരും സേവാദൾ പ്രതിനിധികളും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിച്ചതിനെ തുടർന്നാണ് ബി.ജെ.പി വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
സ്വാതന്ത്ര്യദിനാഘോഷ വേളയിലും തുടർന്നുള്ള പരിപാടിയിലും ഖാർഗെ ദേശീയഗീതത്തെ അപമാനിച്ചുവെന്ന ബി.ജെ.പി ആരോപണത്തിന് ഗോവയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം മറുപടി നൽകിയത്. കഴിഞ്ഞ 18 വർഷമായി ബി.ജെ.പിയും സമാനമായ രീതിയിൽ തന്നെയാണ് വന്ദേമാതരം ആലപിച്ചു പോരുന്നതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ഖാർഗെയ്ക്കും സോണിയാ ഗാന്ധിക്കുമെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം ഉയർത്തുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബി.ജെ.പിക്ക് പല ചരിത്ര യാഥാർത്ഥ്യങ്ങളെക്കുറിച്ചും വലിയ ധാരണയില്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഇന്നത്തെ ബി.ജെ.പി നേതാക്കൾ ജനിക്കുന്നതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയ പ്രസ്ഥാനമാണ് കോൺഗ്രസ്. നാളെ മറ്റെതെങ്കിലും സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ അവർ പറയുന്നതായിരിക്കാം അന്നത്തെ നിയമം, എങ്കിലും കഴിഞ്ഞ 90 വർഷമായി കോൺഗ്രസ് പിന്തുടർന്നുപോരുന്ന ആചാരങ്ങളും രീതികളും തന്നെ തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.