തൃശൂർ: കുന്നംകുളത്ത് വീണ്ടും വൻ കവർച്ച. തെക്കേപ്പുറം മക്കാലിക്കാവ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും മോഷ്ടാക്കൾ കവർന്നു. ഇന്ന് പുലർച്ചെ ശാന്തിക്കാരൻ പൂജയ്ക്കായി ക്ഷേത്രനട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
കൃത്യമായ പ്ലാനിംഗോടെയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. ക്ഷേത്രത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അതിന് മുകളിൽ തുണി ചുറ്റി മറച്ച ശേഷമാണ് മോഷ്ടാവ് ശ്രീകോവിലിനുള്ളിൽ കടന്ന് വിഗ്രഹം കവർന്നത്. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന മോഷണങ്ങൾ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മക്കാലിക്കാവ് അമ്പലത്തിന് സമീപത്തുള്ള കുടുംബക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു. അവിടെയുള്ള നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 70,000 രൂപയുടെ സാധനങ്ങളും നാല് ഗ്രാം തൂക്കമുള്ള സ്വർണ്ണത്താലിയും കവർന്നിരുന്നു. രണ്ടു ദിവസത്തിനിടെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായതോടെ പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.