ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിൽ നടക്കും. തൃപ്പുത്തരി ദിനത്തിൽ ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. പുത്തരി പായസം തയ്യാറാക്കാൻ 2200 കദളിപ്പഴവും 22 കിലോ നെയ്യുമാണ് ഉപയോഗിക്കുക. പായസത്തിന്റെ വിതരണത്തിനുള്ള ടിക്കറ്റുകൾ ഓഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ തെക്കേനടയിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ലഭിക്കും.
250 മില്ലി പായസത്തിന് 60 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 120 രൂപയുടെ പായസം ശീട്ട് എടുക്കാം. ഡബ്ബയിൽ പായസം വാങ്ങുന്നവർക്ക് 20 രൂപ അധികം നൽകണം. ഉച്ചപൂജയ്ക്ക് ശേഷമായിരിക്കും പുത്തരി പായസം പ്രസാദമായി വിതരണം ചെയ്യുക.
ഓഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ഭക്തർക്ക് തടസ്സമില്ലാതെ ദർശനം നടത്താനും വിവാഹ ചടങ്ങുകൾ സുഗമമായി പൂർത്തിയാക്കാനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധിക പൊലീസിനെ വിന്യസിക്കും.
വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പുലർച്ചെ 4 മണി മുതൽ തന്നെ വിവാഹ ചടങ്ങുകൾ നടത്തും. താലികെട്ടിനായി ആറ് വിവാഹ മണ്ഡപങ്ങൾ സജ്ജമാക്കും. ചടങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ക്ഷേത്രം കോയ്മമാരെ അധികമായി വിവാഹ മണ്ഡപങ്ങളിലേക്ക് നിയോഗിക്കും. മണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘത്തെയും സജ്ജമാക്കും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണമായും വൺവേ സംവിധാനത്തിലാക്കും. ഭക്തരെ ഒരു ദിശയിലൂടെ മാത്രം കടത്തിവിടുന്ന രീതിയിലായിരിക്കും ക്രമീകരണം.വരനും വധുവും ഉൾപ്പെടുന്ന വിവാഹസംഘം നേരത്തെ ക്ഷേത്രത്തിലെത്തണം. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽ എത്തി ടോക്കൺ വാങ്ങണം. ടോക്കൺ ലഭിച്ച ശേഷം വിവാഹസംഘത്തിന് നടപ്പന്തലിൽ വിശ്രമിക്കാം.
താലികെട്ടിന്റെ സമയം അടുക്കുമ്പോൾ വിവാഹസംഘത്തെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നടയിലെ വിവാഹ മണ്ഡപത്തിൽ ഊഴമനുസരിച്ച് എത്തി ചടങ്ങ് നടത്താം.വിവാഹ ചടങ്ങ് പൂർത്തിയായ ശേഷം വിവാഹസംഘം ക്ഷേത്രത്തിന്റെ തെക്കേ നട വഴി മടങ്ങണം. കിഴക്കേ നടയിലൂടെ തിരിച്ചുപോകാൻ അനുവദിക്കില്ല.
വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്ക് മാത്രമേ വിവാഹ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. വിവാഹ ചടങ്ങിനെത്തുന്ന കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്ന് ദേവസ്വം നിർദേശിച്ചു.
ഭക്തരുടെ സുരക്ഷയും സുഗമമായ ക്ഷേത്രദർശനവും ഉറപ്പാക്കുന്നതിനൊപ്പം നിശ്ചയിച്ചിരിക്കുന്ന വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പോലീസ് സഹകരണത്തോടെ ദേവസ്വം സ്വീകരിച്ചിട്ടുണ്ട്.
ഗുരുവായൂരിൽ ഞായറാഴ്ച തൃപ്പുത്തരി; 1200 ലിറ്റർ പുത്തരി പായസം, 356 വിവാഹങ്ങൾക്കും ക്രമീകരണം