VTIFF 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘അവൾ’ മികച്ച മലയാള ചിത്രം, ‘കാട്’ മികച്ച അന്താരാഷ്ട്ര ചിത്രം
കോട്ടയം: വില്ലേജ് ടാക്കീസ് എന്റർടെയ്ൻമെന്റ്സ് സംഘടിപ്പിച്ച പ്രഥമ വില്ലേജ് ടാക്കീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (VTIFF 2026) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സുനീഷ് വടക്കുഞ്ചാടൻ സംവിധാനം ചെയ്ത ‘കാട് (ദ ഫോറസ്റ്റ്)’ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം നേടി.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ശ്രീലങ്കൻ ചിത്രം ‘പാൻട്രം (PANTRUM)’ രണ്ടാം മികച്ച ചിത്രമായി. ദീപക് ഡിയോൺ സംവിധാനം ചെയ്ത ‘പ്രൈവറ്റ്’, സ്പെയിനിൽ നിന്നുള്ള പെരെ വില ബാഴ്സലോ സംവിധാനം ചെയ്ത ‘വെൻ എ റിവർ ബികംസ് ദ സീ’ എന്നീ ചിത്രങ്ങൾക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
നടരാജൻ പള്ളാശ്ശേരി സംവിധാനം ചെയ്ത ‘ഇടങ്ങൾ’ രണ്ടാം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധിഖ് പറവൂർ സംവിധാനം ചെയ്ത ‘സലാലിഹ്’, വിഷ്ണു ബീന സംവിധാനം ചെയ്ത ‘ചാവു കല്യാണം’ എന്നീ ചിത്രങ്ങൾക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
‘ഔൾസായി’ എന്ന ചിത്രത്തിലൂടെ ഫ്രാൻസിസ് ഫിജു മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടി. ‘കാത്തിരിപ്പ്’ എന്ന ചിത്രത്തിലൂടെ നിപിൻ നാരായണൻ രണ്ടാം സ്ഥാനത്തെത്തി. അഭിനയ വിഭാഗത്തിൽ ‘പ്രൈവറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ‘കാട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷർമിത് ശരത് രണ്ടാം മികച്ച നടനായി.
‘അവൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘പ്രൈവറ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മീനാക്ഷി അനൂപ് രണ്ടാം മികച്ച നടിക്കുള്ള പുരസ്കാരം നേടി. ‘ആം അ:’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവദർശിനി സുകുമാരന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
‘കാട്’ എന്ന ചിത്രത്തിലൂടെ സുനീഷ് വടക്കുഞ്ചാടൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ‘ആം അ:’ എന്ന ചിത്രത്തിലൂടെ തോമസ് കെ. സെബാസ്റ്റ്യൻ രണ്ടാം മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി വിഭാഗത്തിൽ ഷാജി എ. ജോൺ സംവിധാനം ചെയ്ത ‘ലോകമണി ശിവരാജ് പൊന്മകൾ’ മികച്ച ഡോക്യുമെന്ററിയായി. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ‘സത്യ പുൽ’ രണ്ടാം മികച്ച ഡോക്യുമെന്ററിയായി.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിൽ ജയരാജ് (‘അവൾ’) ഒന്നാം സ്ഥാനവും കവിപ്രസാദ് ഗോപിനാഥ് (‘ആം അ:’) രണ്ടാം സ്ഥാനവും ദീപക് ഡിയോൺ (‘പ്രൈവറ്റ്’) മൂന്നാം സ്ഥാനവും നേടി. ‘മലവാഴി’ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തമിഴ് ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം ‘പിറന്നാൾ വാഴ്ത്തുകൾ’ നേടി.
‘ഔൾസായി’ എന്ന ചിത്രത്തിലൂടെ വിശേഷ് പി. ശശിധരനും ‘അവൾ’ എന്ന ചിത്രത്തിലൂടെ സി. ആർ. ശ്രീജിത്തും മികച്ച എഡിറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ‘കാട്’, ‘സലാലിഹ്’ എന്നീ ചിത്രങ്ങളിലെ പ്രവർത്തനത്തിന് ജലീൽ ബാദുഷ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി.
‘സ്കൂൾ ചേല ഹം’ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നേപ്പാളിൽ നിന്നുള്ള ‘ജയലേഖ’ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടി. അൻസു മരിയ തോമസ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 18 മുതൽ 21 വരെ കോട്ടയത്താണ് പ്രഥമ VTIFF 2026 അരങ്ങേറിയത്. ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി 52 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ 14 വിദേശഭാഷാ ചിത്രങ്ങളും 38 ഇന്ത്യൻ ചിത്രങ്ങളുമുണ്ടായിരുന്നു. മത്സരത്തിനായി 30 ചിത്രങ്ങളെയാണ് ഔദ്യോഗികമായി തെരഞ്ഞെടുത്തത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.