തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി ഇഡി. സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക തെളിവുകൾ കിട്ടിയതിന് പിന്നാലെ ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഇഡി. കേസുമായി ബന്ധപ്പെട്ട് ഹവാലാ ഇടപാടുകൾ നടന്നുവെന്നും വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയെന്നും ഉൾപ്പെടെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് ഇഡിയുടെ വാദം. വീണ ഉപയോഗിച്ചിരുന്ന സിം കാർഡ് ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ നന്ദുലാലിന്റെ പേരിലുള്ളതെന്ന് ഇഡിയുടെ നിർണായ കണ്ടെത്തൽ.
ഇന്റർനെറ്റ് കോളുകൾക്കായി വ്യാജ സിം കാർഡ് ഉപയോഗിച്ചുവെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമാണ്. ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. ഡയറിക്കുറിപ്പുകളിൽ പണം ഇടപാട് നടത്തിയതായി സൂചിപ്പിച്ചിട്ടുള്ളവരുടെ മൊഴിയെടുക്കും. വീണയെ വീണ്ടും ചോദ്യം ചെയ്യുന്ന സാഹചര്യവും തള്ളിക്കളയാൻ ആവില്ല. 20 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇത് വീണയുടെ വരുമാനസ്രോതസ്സിന് അപ്പുറത്തുള്ള തുകയാണെന്നും ആണ് ഇഡി പറയുന്നത്.
85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയതായും ഇഡി സംശയിക്കുന്നുണ്ട്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വരുംദിവസങ്ങളിൽ അന്വേഷണം കടുപ്പിക്കാൻ ആണ് ഇ ഡിയുടെ നീക്കം.അന്വേഷണത്തിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിൽ നിന്ന് മറ്റൊരാളുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചാണ് വൈഫൈ റൂട്ടർ പ്രവർത്തിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഈ ഇൻ്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് അതീവ രഹസ്യ സ്വഭാവമുള്ള ഇൻ്റർനെറ്റ് കോളുകൾ നടത്തിയതായാണ് ഇഡി സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, സിം കാർഡ് നൽകിയ വ്യക്തി ഉൾപ്പെടെ കുറിപ്പുകളിൽ പേരുള്ളവരുടെ കോഴിക്കോട്ടെ ഒമ്പത് കേന്ദ്രങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം പരിശോധന പൂർത്തിയാക്കിയിരുന്നു.ഹവാല ചാനലുകളിലൂടെ പണം കൈമാറിയതിന്റെ കൂടുതൽ ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും കടുത്ത നടപടികളിലേക്ക് കടക്കാനുമാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം.