തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് കെ. മുരളീധരന്‍. നഗരത്തിലെ അമിതമായ ശബ്ദകോലാഹലങ്ങളും ആള്‍ത്തിരക്കും മൃഗങ്ങളുടെ ആരോഗ്യത്തെയും സ്വാഭാവിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൃഗശാല നഗരത്തില്‍ നിന്നും മാറ്റുന്നത് കൊണ്ട് തിരുവനന്തപുരം നഗരത്തിന് ഒരുതരത്തിലുള്ള നഷ്ടവും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍പ് തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റിയപ്പോള്‍ ആരും കച്ചവട താല്പര്യം ആരോപിച്ചില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശകരോട് ചോദിച്ചു. മൃഗശാല മാറ്റുന്നതിനായി ഏറ്റവും അനുയോജ്യമായ സ്ഥലം നെയ്യാര്‍ ആണെന്നും, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഷയത്തില്‍ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി വിശദമായ പ്രഖ്യാപനവും വിശദീകരണവും നടത്തുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.