ദുബായ്: ശ്രീലങ്കയെ ഫൈനലിൽ വീഴ്ത്തി ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ഓപ്പണർ ഷെഫാലി വർമ്മ. ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഷെഫാലി ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും സ്വന്തമാക്കി.
ഫൈനലിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ ഷെഫാലി മത്സരത്തിനിടെ നിരവധി റെക്കോർഡുകളും സ്വന്തം പേരിലാക്കി. വെറും 24 പന്തിൽ അർധ സെഞ്ച്വറി നേടിയ താരം വനിതാ ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കി. 2022ലെ ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ 25 പന്തിൽ അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെ റെക്കോർഡാണ് ഷെഫാലി മറികടന്നത്.
ഫൈനലിൽ 39 പന്തുകൾ നേരിട്ട ഷെഫാലി ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 68 റൺസ് നേടി. ഷെഫാലിയുടെയും സ്മൃതി മന്ദാനയുടെയും അർധ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
വനിതാ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 25 പന്തിൽ താഴെ മൂന്ന് തവണ അർധ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന അപൂർവ റെക്കോർഡും ഷെഫാലി സ്വന്തമാക്കി. 2025ൽ ഇംഗ്ലണ്ടിനെതിരെ 23 പന്തിലും ശ്രീലങ്കയ്‌ക്കെതിരെ 24 പന്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു.
ഒരു ഏഷ്യാ കപ്പ് എഡിഷനിൽ മൂന്ന് അർധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററെന്ന നേട്ടവും ഷെഫാലിക്ക് സ്വന്തമായി. 2024ൽ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ടൂർണമെന്റിൽ മൂന്ന് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 236 റൺസാണ് ഷെഫാലി നേടിയത്. ബാറ്റിങ്ങിന് പുറമെ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി. കിരീടവിജയത്തിനൊപ്പം വ്യക്തിഗത റെക്കോർഡുകളിലും മികവ് തെളിയിച്ചാണ് ഷെഫാലി ഏഷ്യാ കപ്പിൽ നിന്ന് മടങ്ങുന്നത്.