സിപിഎം വിശാല സംസ്ഥാന സമിതിയുടെ രണ്ടാം ദിനത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളാണ് നേതൃത്വത്തിനെതിരെ അതൃപ്തി വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പുകളിലുണ്ടായ ദാരുണമായ തോല്‍വിക്ക് പ്രധാന കാരണം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന നേതാക്കള്‍ പലയിടത്തും കാഴ്ചക്കാരായി നിഷ്‌ക്രിയത്വം പാലിച്ചതാണ് തിരിച്ചടിക്ക് ആക്കം കൂട്ടിയതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
സിപിഎം മുന്‍ നേതാവ് ജി. സുധാകരന്‍ ഉയര്‍ത്തിയ സംഘടനാപരമായ വിഷയങ്ങള്‍ ഗൗരവത്തോടെ കാണാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരുന്ന അമ്പലപ്പുഴ മണ്ഡലത്തിലെ തോല്‍വിക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണ്. പ്രാദേശികമായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയും മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചും മുന്നോട്ടുപോയതാണ് തിരിച്ചടിയായതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
"തോൽവിക്ക് കാരണം നേതൃത്വത്തിന്റെ പിടിപ്പുകേട്; ജി. സുധാകരന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു": സിപിഎം വിശാല സമിതിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ പ്രതിനിധികൾ