കോഴിക്കോട്: ജില്ലയില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന ആരംഭിച്ചു. രാവിലെ മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 8 പ്രത്യേക സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കുറ്റിക്കാട്ടൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. രാകേഷിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനം ഓടിക്കുന്നത് രക്ഷിതാക്കളുടെ അറിവോടെയല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടികളുടെ പ്രവൃത്തിക്കും വാഹനത്തിനും പൂര്‍ണ്ണ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കായിരിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലെത്തും. വാഹന ഉടമകള്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പിഴയും തടവുശിക്ഷയും നേരിടേണ്ടി വരുമെന്ന് എം.വി.ഡി മുന്നറിയിപ്പ് നല്‍കി.
അമിതവേഗത, അമിതഭാരം, സ്‌കൂള്‍ പരിസരങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങള്‍, നിയമവിരുദ്ധ പാര്‍ക്കിംഗ്, എച്ച്.എസ്.ആര്‍.പി നമ്പര്‍ പ്ലേറ്റുകളിലെ കൃത്രിമം എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപക റോഡ് പരിശോധന ശക്തമാക്കി MVD