ദുബായ്: ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് കൂടിയായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ടീം വിസമ്മതിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ.
സെപ്റ്റംബർ 13ന് ഞായറാഴ്ച ഫൈനൽ മത്സരത്തിന് പിന്നാലെ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇന്ത്യൻ ടീമിന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചത്. രാജ്യത്തിന്റെ താൽപ്പര്യവും ജനങ്ങളുടെ ആത്മാഭിമാനവും മുൻനിർത്തിയാണ് തീരുമാനമെന്ന് സൈകിയ വ്യക്തമാക്കി.
“രാജ്യത്തോടു ശത്രുത പുലർത്തുന്ന ഒരു പ്രത്യേക രാജ്യവുമായി ഇന്ത്യ കളിക്കുന്നത് വലിയൊരു വിഭാഗം ആളുകളും ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, ഞങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സ്വീകാര്യനല്ലാത്ത ചിലരിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ കഴിയില്ലെന്നതാണ് ഞങ്ങളുടെ ഒരേയൊരു ആശങ്ക,” ഫൈനലിന് പിന്നാലെ സൈകിയ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട് തുടരുന്ന തർക്കവും ബി.സി.സി.ഐയുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2025ലെ പുരുഷ ഏഷ്യാ കപ്പ് ഇന്ത്യ നേടിയിരുന്നെങ്കിലും ട്രോഫി ഇതുവരെ ബി.സി.സി.ഐയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് സൈകിയ ചൂണ്ടിക്കാട്ടിയത്.
പുരുഷ ടീമിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായി വനിതാ ടീമിന് പ്രവർത്തിക്കാനാകില്ലെന്നും ബി.സി.സി.ഐ സെക്രട്ടറി പറഞ്ഞു.
“ഞങ്ങളുടെ പുരുഷ ടീമിനോടുള്ള ബഹുമാനവും ഐക്യദാർഢ്യവും ഞങ്ങൾ മനസ്സിൽ കാണുന്നുണ്ട്. ഏകദേശം ഒരു വർഷം മുമ്പ് ഏഷ്യാ കപ്പ് നേടിയ ഞങ്ങളുടെ പുരുഷ ടീമിന്റെ കാര്യം നോക്കൂ. ആ ട്രോഫി ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ല. ട്രോഫി സൂക്ഷിക്കാനുള്ള ചുമതലയുള്ളവരുമായി നടത്തിയ എല്ലാ കൂടിക്കാഴ്ചകളിലും അത് തിരികെ നൽകുന്നില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്,” സൈകിയ പറഞ്ഞു.
“അങ്ങനെയൊരു സാഹചര്യമുള്ളപ്പോൾ, ഞങ്ങളുടെ നിലപാടിൽ നിന്ന് വ്യതിചലിച്ച് യഥാർഥ നിലപാടിന് വിരുദ്ധമായി എങ്ങനെ പ്രവർത്തിക്കാനാകും? കഴിഞ്ഞ ഒന്നര വർഷമായി സ്ഥിതിഗതികളിൽ മാറ്റമൊന്നും വന്നിട്ടില്ല. നല്ല ബുദ്ധി പ്രവർത്തിക്കുമെന്നും രണ്ട് ട്രോഫികളും എത്രയും വേഗം ഇന്ത്യക്ക് ലഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.