കോഴിക്കോട് നടക്കുന്ന മൂന്ന് ദിവസം നീണ്ട വിശാല സംസ്ഥാന സമിതി യോഗത്തിനിടെ മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് നടത്തിയ വാർത്താസമ്മേളനം പാർട്ടി നേതൃത്വത്തിൽ വലിയ അസ്വസ്ഥതയും എതിർപ്പും സൃഷ്ടിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് മറ്റ് നേതാക്കൾക്ക് കർശന വിലക്കുള്ളപ്പോഴാണ്, ചൊവ്വാഴ്ച രാവിലെ റിയാസ് സ്വന്തം നിലയ്ക്ക് മാധ്യമങ്ങളെ കണ്ടത്. നേതാക്കൾ ഉയർന്നുവന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവസാന ദിവസം ഔദ്യോഗിക മറുപടി പറയാനിരിക്കെ റിയാസ് നടത്തിയത് പാർട്ടി സെക്രട്ടറിയെ മറികടക്കുന്ന നീക്കമായാണെന്ന് വിലയിരുത്തപ്പെടുന്നു.
പിണറായി വിജയന്റെ കുടുംബത്തിനെതിരെയുള്ള ഇ.ഡി നടപടികളിൽ, ഇ.ഡിയെ ചെറുക്കാൻ പൊതുകൂട്ടായ്മ സംഘടിപ്പിക്കുക എന്നതിനപ്പുറം വ്യക്തിപരമായ പ്രതിരോധത്തിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. എന്നാൽ തനിക്കെതിരെ നടക്കുന്ന അന്വേഷണം പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന് പിണറായി വിജയൻ പറഞ്ഞിട്ടും, യോഗത്തിൽ പ്രതിനിധികളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന തോന്നലാണ് റിയാസിനെ സ്വന്തം നിലയ്ക്ക് വാർത്താസമ്മേളനം വിളിക്കാൻ പ്രേരിപ്പിച്ചത്. "ഇ.ഡി തന്റെ പച്ച ഇറച്ചി കടിച്ച് തിന്നുകയാണ്" എന്നും "മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട" എന്നും റിയാസ് നടത്തിയ വൈകാരിക പ്രതികരണങ്ങൾ വലിയ ചർച്ചയായി മാറി.
ഭരണത്തിന്റെ നിഴലായി പാർട്ടി മാറിയെന്നും അധികാരം ഒരാളിലേക്ക് മാത്രം ചുരുങ്ങിയെന്നുമുള്ള രൂക്ഷവിമർശനങ്ങൾ 300-ഓളം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇ.ഡി അന്വേഷണ വിഷയത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി ബോധപൂർവ്വം വിട്ടുനിന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠ ഉൾക്കൊണ്ട് തിരുത്തൽ നടപടികളിലൂടെ ശക്തമായ തിരിച്ചുവരവിന് പാർട്ടി ലക്ഷ്യമിടുമ്പോഴാണ്, റിയാസിന്റെ പ്രതികരണം പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.