കോഴിക്കോട്: തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. സ്ഥാനാര്‍ത്ഥിത്വത്തില്‍ ജില്ലാ ഘടകത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും, തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് സംസ്ഥാന നേതൃത്വത്തിനാണെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ തിരുത്തല്‍. പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ വിശദീകരണത്തിനായി നല്‍കിയ റിപ്പോര്‍ട്ടിലാണ് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തലുകളെ തള്ളിക്കൊണ്ട് കുറിപ്പ് നല്‍കിയിരിക്കുന്നത്.
തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കണ്ണൂര്‍ ഘടകത്തിനാണ് വീഴ്ച സംഭവിച്ചതെന്ന് സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിരുന്നു. ജില്ലാ കമ്മിറ്റിക്കാണ് വീഴ്ചയെന്ന് എം.വി. ഗോവിന്ദന്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയപ്പോള്‍ ഉയര്‍ന്ന വ്യത്യസ്ത അഭിപ്രായങ്ങളെല്ലാം എഴുതി സമര്‍പ്പിച്ചിരുന്നെന്നും, അത് പരിശോധിച്ച് അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത് സംസ്ഥാന കമ്മിറ്റിയാണെന്നുമാണ് കണ്ണൂര്‍ ജില്ലാ ഘടകം ചൂണ്ടിക്കാട്ടുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗങ്ങള്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും, വിമര്‍ശനങ്ങളും വോട്ടര്‍പട്ടികയിലെ മാറ്റങ്ങളും കണക്കിലെടുത്ത് വേണമെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് സ്ഥാനാര്‍ത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു എന്നും കുറിപ്പില്‍ പറയുന്നു.
തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച സംസ്ഥാന നേതൃത്വത്തിന്: പ്രത്യേകം കുറിപ്പ് ഇറക്കി കണ്ണൂര്‍ ജില്ലാ കമ്മിറ്റി