സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച തെറ്റുതിരുത്തൽ പാർട്ടി രേഖയുടെ വിവരങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ ജാഗ്രതക്കുറവിനെ നിശിതമായി വിമർശിക്കുന്നതാണ് തിരുത്തൽ രേഖ. പൊതുയോഗങ്ങളിലും മാധ്യമങ്ങളോട് സംവദിക്കുമ്പോഴും പല നേതാക്കളും ആവശ്യത്തിന് ശ്രദ്ധ പുലർത്തുന്നില്ല. പൊതുജനം എല്ലാം കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നുമുള്ള ബോധം നേതാക്കൾക്കില്ലെന്നും, തങ്ങളുടെ വാക്കുകളും പ്രവൃത്തികളും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് നേതാക്കൾ മറന്നുപോകുന്നുവെന്നും രേഖയിൽ കുറ്റപ്പെടുത്തുന്നു.
പൊതുയോഗങ്ങളിലെ പ്രസംഗ ശൈലിയിൽ കാതലായ മാറ്റം വരുത്തണമെന്ന് രേഖ നിർദേശിക്കുന്നു. കേൾവിക്കാരെ വെറുപ്പിക്കുന്ന രീതിയിലുള്ള നീണ്ട താത്വിക അവലോകന പ്രസംഗങ്ങൾ പൂർണ്ണമായി ഒഴിവാക്കണം. മാധ്യമ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ പാർട്ടിയുടെ ആശയങ്ങൾ ജാഗ്രതയോടെ അവതരിപ്പിക്കാൻ ശ്രദ്ധിക്കണം. കൂടാതെ, പാർട്ടി അനുഭാവികളുടെ വിവിധ ഫോറങ്ങളുടെ പ്രവർത്തനം ശരിയായ ദിശയിലല്ലെന്നും അടിസ്ഥാന സംഘടനാ തത്വങ്ങൾ പ്രയോഗിക്കാൻ കഴിയുന്നില്ലെന്നുമുള്ള വിമർശനങ്ങൾ തിരുത്തൽ രേഖയുടെ പ്രധാന ഭാഗത്ത് ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം, ഏതെങ്കിലും വ്യക്തികളുടെ പേരുകൾ കേന്ദ്രീകരിച്ചുള്ള വിമർശനങ്ങൾ രേഖയിൽ ഒഴിവാക്കിയത് ബോധപൂർവമാണെന്ന് പൊതുചർച്ചയിൽ അഭിപ്രായമുയർന്നു. നേതാക്കളുടെ ജാഗ്രതക്കുറവ് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് മാത്രം ബാധകമാക്കാതെ ഉയർന്ന നേതൃത്വത്തിനും ബാധകമാക്കണമെന്ന് യോഗത്തിൽ വിമർശനമുയർന്നു. കേന്ദ്ര സമിതി തയ്യാറാക്കിയ തെറ്റുതിരുത്തൽ രേഖയിലെ പല പ്രധാന വിഷയങ്ങളും സംസ്ഥാന ഘടകം തയ്യാറാക്കിയ രേഖയിൽ ഒഴിവാക്കപ്പെട്ടതും ശ്രദ്ധേയമാണ്.