ന്യൂഡല്‍ഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകള്‍ക്കും റുപേ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്കും യാതൊരുവിധ സേവന ചാര്‍ജുകളും ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യു.പി.ഐ ഇടപാടുകള്‍ക്ക് പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന രീതിയില്‍ ഉയര്‍ന്ന വാര്‍ത്തകളെയും ആശങ്കകളെയും തുടര്‍ന്നാണ് മന്ത്രാലയം വ്യക്തത വരുത്തി ഉത്തരവിറക്കിയത്.
പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ 'ടാക്‌സേഷന്‍ ആന്‍ഡ് അദര്‍ ലോസ് (ഭേദഗതി) ബില്‍, 2026' പ്രകാരം യു.പി.ഐ ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ സാധാരണക്കാര്‍ നടത്തുന്ന ചെറിയ തുകയുടെ വ്യാപാരി ഇടപാടുകള്‍ക്കും, വ്യക്തികള്‍ തമ്മില്‍ പരസ്പരം നടത്തുന്ന പണമിടപാടുകള്‍ക്കും പൂര്‍ണ്ണമായും സൗജന്യ സേവനം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
50 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ (ഉദാഹരണത്തിന് ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍) ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ടിയിരുന്ന ഇളവ് പുതിയ നിയമഭേദഗതിയിലൂടെ നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം വന്‍കിട ബിസിനസുകളില്‍ നിന്ന് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാന്‍ ബാങ്കുകള്‍ക്കും പേമെന്റ് പ്ലാറ്റ്ഫോമുകള്‍ക്കും നിയമപരമായ അനുമതി ലഭിക്കും.
എന്നാല്‍ ഈ നീക്കം സാധാരണക്കാരെയോ ചെറുകിട വ്യാപാരികളെയോ ബാധിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ ആകെ യു.പി.ഐ ഇടപാടുകളില്‍ 2,000 രൂപയ്ക്ക് മുകളിലുള്ളത് വെറും 4 ശതമാനം മാത്രമാണെങ്കിലും, ആകെ ഡിജിറ്റല്‍ കൈമാറ്റ തുകയുടെ മൂന്നില്‍ രണ്ടും ഈ 4 ശതമാനം ഇടപാടുകളിലൂടെയായിരുന്നു. അതിനാലാണ് വന്‍കിട ബിസിനസ് ഇടപാടുകളില്‍ മാത്രം തുക ഈടാക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയത്.
യു.പി.ഐ ഉപഭോക്താക്കള്‍ക്ക് ആശ്വാസം: 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ല; ഉത്തരവിറക്കി കേന്ദ്ര സര്ക്കാര്