Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പുകൾ ഒരുങ്ങുന്നു; ദേശീയ ടീമുമായി സഹകരിക്കാൻ സർക്കാർ-കെ.എഫ്.എ നീക്കം

കേരളത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പുകൾ ഒരുങ്ങുന്നു; ദേശീയ ടീമുമായി സഹകരിക്കാൻ സർക്കാർ-കെ.എഫ്.എ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഫുട്ബോൾ രംഗത്തിന് പുതിയ ഉണർവ് നൽകാൻ ഇന്ത്യൻ ഫുട്ബോൾ ടീമുമായി സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരും കേരള ഫുട്ബോൾ അസോസിയേഷനും (കെ.എഫ്.എ) ഒരുങ്ങുന്നു. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പുകൾ ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിച്ച് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒഡിഷ സർക്കാർ ഹോക്കി ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന മാതൃകയിൽ ഫുട്ബോൾ രംഗത്തും സമാനമായ ഇടപെടലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ കായികമന്ത്രി ഒ.ജെ. ജനീഷുമായി ചർച്ച നടത്തി.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ഒളിമ്പിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കേരളത്തിലെ ഫുട്ബോൾ വികസനവുമായി ബന്ധപ്പെട്ട സഹകരണ സാധ്യതകൾ സംബന്ധിച്ച് കല്യാൺ ചൗബെ മന്ത്രിയുമായി സംസാരിച്ചത്. വിഷയത്തിൽ സർക്കാരിന് അനുകൂല നിലപാടാണെന്ന് മന്ത്രി അറിയിച്ചതായാണ് വിവരം.

ദേശീയ ടീമിന്റെ ക്യാമ്പുകൾ കേരളത്തിലേക്ക്

ഇന്ത്യൻ സീനിയർ, അണ്ടർ-23 പുരുഷ ടീമുകളുടെ പരിശീലന ക്യാമ്പുകൾ കേരളത്തിൽ സംഘടിപ്പിക്കണമെന്ന നിർദേശം കേരള ഫുട്ബോൾ അസോസിയേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിനോട് എ.ഐ.എഫ്.എഫ് അനുകൂല നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്.

ദേശീയ ടീമിന്റെ ക്യാമ്പുകൾ കേരളത്തിൽ സ്ഥിരമായി നടക്കുകയാണെങ്കിൽ സംസ്ഥാനത്തെ താരങ്ങൾക്ക് മികച്ച പരിശീലന അവസരങ്ങളും ദേശീയ താരങ്ങൾക്കൊപ്പം മത്സരപരിചയവും ലഭിക്കും. ക്യാമ്പിന്റെ ഭാഗമായി കേരള ടീമിന് ഇന്ത്യൻ ടീമിനെതിരെ സൗഹൃദ മത്സരങ്ങളിലും പരിശീലന മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.


അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ലക്ഷ്യം

ഒഡിഷയിൽ ഭുവനേശ്വറിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിലാണ് ഹോക്കി ഇന്ത്യയുടെ പരിശീലന ക്യാമ്പുകൾ നടക്കുന്നത്. ഹോക്കി ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് ഒഡിഷ സർക്കാരും പിന്തുണ നൽകുന്നുണ്ട്. ഇതേ മാതൃകയിൽ കേരളവും ദേശീയ ഫുട്ബോൾ ടീമിന് പരിശീലന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് എ.ഐ.എഫ്.എഫ് പ്രതീക്ഷിക്കുന്നത്. സൗഹൃദ മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള മൈതാനങ്ങളും പരിശീലന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ തലത്തിൽ കൂടുതൽ ഇടപെടൽ ആവശ്യമായി വരും.


കൊച്ചിയും മലപ്പുറവും പരിഗണനയിൽ

ദേശീയ ടീമിന്റെ പരിശീലന ക്യാമ്പുകൾക്കായി കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയവും മലപ്പുറം പയ്യനാട് സ്റ്റേഡിയവും ഉപയോഗിക്കാമെന്നാണ് കെ.എഫ്.എയുടെ പ്രാഥമിക വിലയിരുത്തൽ. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി തുടർ ചർച്ചകൾ നടത്താൻ കെ.എഫ്.എ യോഗം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.എഫ്.എ പ്രതിനിധികൾ കായികമന്ത്രി ഒ.ജെ. ജനീഷുമായി കൂടിക്കാഴ്ച നടത്തി.


പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കിയ ശേഷമായിരിക്കും സർക്കാർ അന്തിമ നിലപാട് വ്യക്തമാക്കുക. കേരളത്തിന്റെ നഷ്ടപ്പെട്ട ഫുട്ബോൾ പ്രതാപം തിരിച്ചുപിടിക്കാനും പുതിയ തലമുറ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനുമാണ് നീക്കം.

Related articles

See all
Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ഇന്ത്യയ്ക്ക്; ശുഭ്മൻ ഗില്ലിനും ഷഫാലി വർമ്മയ്ക്കും പുരസ...

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Popular News

മിസൈൽ ഭീഷണിക്കിടെ മത്സരം വൈകി; നെഫ്ത്ചിയെ തോൽപ്പിച്ച് അൽ നസർ, റൊണാൾഡോയ്ക്ക് 981-ാം ഗോൾ

Save your stories

Sign in