ആരോഗ്യവകുപ്പിൽ പത്തുവർഷത്തെ പർച്ചേസുകളിൽ സമഗ്ര അന്വേഷണം; മന്ത്രി കെ. മുരളീധരന്റെ കർശന നിർദ്ദേശം, രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന മെഡിക്കൽ ഉപകരണ പർച്ചേസുകളെക്കുറിച്ച് വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന സമിതി രൂപീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ക്രമക്കേടുകളിൽ ഉത്തരവാദികളായവരെ കൃത്യമായി കണ്ടെത്താനും തുടർനടപടികൾക്കുള്ള ശുപാർശകൾ ഉൾപ്പെടുത്താനും ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യവകുപ്പിന് കീഴിലുള്ള മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വാങ്ങിയ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങളുടെ പർച്ചേസ്, സ്ഥാപിക്കൽ, കമ്മീഷനിങ്, നിലവിലെ ഉപയോഗം, അവയുടെ പരിപാലനം എന്നിവ സമിതി വിശദമായി പരിശോധിക്കും. പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന, മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികൾ എന്നിവയ്ക്ക് പുറമെ കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങളും ഈ അന്വേഷണ പരിധിയിൽ വരും.
കോവിഡ് കാലത്ത് ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാന്റുകൾ, ജനറേറ്ററുകൾ എന്നിവയുൾപ്പെടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പല ഉപകരണങ്ങളും പല ആശുപത്രികളിലും കമ്മീഷൻ ചെയ്യാതെയും ഉപയോഗിക്കാതെയും കിടക്കുന്നതായി സർക്കാരിന് പരാതി ലഭിച്ചിരുന്നു. കൃത്യമായ പരിപാലനമില്ലാതെ ഇവ നശിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ മന്ത്രി കെ. മുരളീധരൻ നടത്തിയ സന്ദർശനത്തിനിടെ മൊബൈൽ മോർച്ചറി ഉൾപ്പെടെയുള്ള വിലകൂടിയ ഉപകരണങ്ങൾ ദീർഘകാലമായി കാടുകയറി നശിക്കുന്ന നിലയിൽ നേരിട്ട് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലും സമാന സാഹചര്യമുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊതുമുതൽ പാഴാക്കുന്നത് തടയാൻ മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.