തിരുവനന്തപുരം: ജനസൗഹൃദ പോലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് വെള്ളിയാഴ്ച (ആഗസ്റ്റ് 14) തുടക്കമാകും. പൊതുജനങ്ങൾക്ക് പരാതികളുമായി ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ കഴിയുന്ന സേവനകേന്ദ്രങ്ങളാക്കി പോലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30-ന് പേരൂർക്കട പോലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 'മൈ പൊലീസ് സ്റ്റേഷൻ' ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിക്കും. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും മൂന്നാം മുറ പോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയും ജനങ്ങൾക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
വനിതകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ എന്നിവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളും സൈബർ ക്രൈം, നിയമസഹായ ഹെൽപ്പ് ഡെസ്കുകളും പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ പ്രവർത്തിക്കും. ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.