ഗൂഗിളിന്റെ എഐ രഹസ്യങ്ങൾ ചോർത്തിയ മുൻ എൻജിനിയർക്ക് 12 മാസം തടവ്
വാഷിങ്ടൺ: ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചൈനീസ് കമ്പനികൾക്ക് കൈമാറിയ കേസിൽ മുൻ സോഫ്റ്റ്‌വേർ എൻജിനിയർ ലിൻവെയ് ഡിങ്ങിന് 12 മാസം തടവുശിക്ഷ. അമേരിക്കൻ കോടതിയാണ് ഡിങ്ങിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ശിക്ഷയിൽ ഒരു ദിവസത്തെ ഇളവും അനുവദിച്ചിട്ടുണ്ട്.
വൻകിട എഐ മോഡലുകൾ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗിളിന്റെ ഹാർഡ്‌വേർ സംവിധാനങ്ങളും സോഫ്റ്റ്‌വേർ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളാണ് ഡിങ് ചൈനീസ് കമ്പനികൾക്ക് കൈമാറിയതെന്നാണ് കേസ്. ടെൻസർ പ്രോസസിങ് യൂണിറ്റ് (TPU), ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് (GPU) സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
എഐ പരിശീലനത്തിനായി ഗൂഗിൾ വികസിപ്പിച്ച സൂപ്പർ കംപ്യൂട്ടിങ് ഡാറ്റാ സെന്ററുകളിലെ ഹാർഡ്‌വേർ, സോഫ്റ്റ്‌വേർ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഡിങ് ചോർത്തിയത്. 2022 മേയ് 21 മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ ഗൂഗിളിന്റെ നെറ്റ്‌വർക്കിൽനിന്ന് സ്വന്തം ഗൂഗിൾ ക്ലൗഡ് അക്കൗണ്ടിലേക്ക് രഹസ്യ വിവരങ്ങൾ മാറ്റിയെന്നാണ് കണ്ടെത്തൽ.
ഏകദേശം ഒരു വർഷത്തിനിടെ 500ഓളം രഹസ്യ ഫയലുകൾ ഡിങ് ഇത്തരത്തിൽ അപ്‌ലോഡ് ചെയ്തതായി ഗൂഗിളിന്റെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. ഗൂഗിളിന്റെ ടെൻസർ പ്രോസസിങ് യൂണിറ്റുകൾ ദശാബ്ദങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചതാണെന്നും ഈ വിവരങ്ങൾ ചൈനീസ് കമ്പനികൾക്ക് ലഭിക്കുന്നത് എഐ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ അവർക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.
ചൈനീസ് പൗരനായ ലിൻവെയ് ഡിങ് 2010ലാണ് ബിരുദാനന്തര പഠനത്തിനായി അമേരിക്കയിലെത്തിയത്. തുടർന്ന് സിലിക്കൺ വാലിയിലെ വിവിധ സാങ്കേതിക കമ്പനികളിൽ ജോലി ചെയ്ത ശേഷം 2019ൽ ഗൂഗിളിൽ ചേർന്നു. 2021ൽ അമേരിക്കയിൽ സ്ഥിരതാമസ പദവിയും നേടി. ജനുവരിയിൽ 11 ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി ഡിങ്ങിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഗൂഗിളിന്റെ സ്വത്ത് മോഷ്ടിക്കാനുള്ള ആസൂത്രിതവും ധിക്കാരപരവുമായ ശ്രമമായിരുന്നു ഇതെന്ന് കോടതി നിരീക്ഷിച്ചു.
ജയിൽശിക്ഷ പൂർത്തിയാക്കിയ ശേഷം രണ്ട് വർഷത്തേക്ക് പ്രത്യേക ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കഴിയണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ 25,000 ഡോളർ പിഴയും 1,89,000 ഡോളറിലധികം നഷ്ടപരിഹാരവും ഡിങ് നൽകണം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.