കോഴിക്കോട്: കേരളത്തിലെത്തിയ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ റൊണാൾഡോയ്ക്ക് വലിയ ആരാധകവൃന്ദമുണ്ടെന്നും അതിൽ ഒരാൾ താനാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കൂടിക്കാഴ്ചയിൽ ചിരി പടർത്തി.
കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ റൊണാൾഡോയോടുള്ള സ്നേഹവും ആരാധനയും എൽമയുമായി പങ്കുവെച്ചതായി വി.ഡി. സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
“വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
എൽമ എവേറോയ്‌ക്കൊപ്പമുള്ള വീഡിയോയും വി.ഡി. സതീശൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ റൊണാൾഡോയോടുള്ള ആവേശവും സ്നേഹവും കൂടിക്കാഴ്ചയിൽ പ്രകടമായതായി അദ്ദേഹം വ്യക്തമാക്കി.