തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് മന്ത്രി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും, ഭാവിയിൽ അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.എസ്. ജയകുമാർ വ്യക്തമാക്കി. വൻതോതിൽ ഭക്തർ എത്തിയപ്പോഴും അന്നദാന വിതരണം തടസ്സമില്ലാതെ നടന്നിട്ടുണ്ടെന്നാണ് ബോർഡിന്റെ നിലപാട്.