കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ കൂടി; ഇനി ദുരന്ത മുന്നറിയിപ്പ് സംവിധാനം ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്തസാധ്യത നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ കൂടി സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐടി റോപാറും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പ്രധാനമായും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങളുടെ ലഭ്യത കുറവുള്ള മേഖലകളിലുമുള്ള സ്കൂളുകൾക്കാണ് മുൻഗണന നൽകിയത്.
ഐഐടി റോപാറിലെ കൃഷിയുമായി ബന്ധപ്പെട്ട സെന്റർ ഫോർ എക്സലൻസ് ഇൻ എഐ (Annam.ai)യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
തത്സമയ കാലാവസ്ഥാ വിവരങ്ങൾ ലഭിക്കും
ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലൂടെ മഴ, കാറ്റിന്റെ വേഗത, താപനില, അന്തരീക്ഷ ആർദ്രത (ഹ്യൂമിഡിറ്റി) തുടങ്ങിയവ സംബന്ധിച്ച തത്സമയ വിവരങ്ങൾ ലഭ്യമാകും. ഈ വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനവുമായി സംയോജിപ്പിക്കും.
പ്രദേശത്തെ തത്സമയ കാലാവസ്ഥാ വിവരങ്ങൾ സർക്കാരിന്റെ വിവിധ സംവിധാനങ്ങളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും. വിവരങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിനും തത്സമയം കൈമാറും.
സ്കൂളുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ഉൾപ്പെടെയുള്ള രക്ഷാസേനകൾക്കും വിവരങ്ങൾ ലഭ്യമാക്കും. പഠനപ്രവർത്തനങ്ങൾക്കായി വിദ്യാർഥികൾക്കും അധ്യാപകർക്കും വെതർ സ്റ്റേഷനിൽനിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്താനാകും.
സംസ്ഥാനത്ത് വിപുലമായ കാലാവസ്ഥാ നിരീക്ഷണ ശൃംഖല
നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 150ഓളം ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളും മഴമാപിനികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കൃഷി മന്ത്രാലയത്തിന്റെ ‘വിൻഡ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളുടെ വിപുലമായ ശൃംഖലയും രൂപപ്പെടുന്നുണ്ട്.
വയനാട് ജില്ലയ്ക്കായി പ്രത്യേക ദുരന്തസാധ്യതാ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ദുരന്ത പ്രതിരോധ നിധിയിൽനിന്ന് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്.
പുതിയ 51 വെതർ സ്റ്റേഷനുകൾ കൂടി പ്രവർത്തനക്ഷമമായതോടെ പ്രാദേശികതലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകാനും കഴിയുമെന്നാണ് പ്രതീക്ഷ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.