വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്; ദൃശ്യങ്ങൾ വൈറൽ
സേലം: വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സേലത്ത് വെച്ചാണ് സംഭവം. ക്രിസ്റ്റ്യൻ ഡിയോർ ബ്രാൻഡിന്റെ സൺഗ്ലാസാണ് വിജയ് വയോധികയായ ചെല്ലത്തിന് സമ്മാനിച്ചത്. 40,000 രൂപയിലേറെ വിലവരുന്ന സൺഗ്ലാസാണിതെന്നാണ് റിപ്പോർട്ടുകൾ. വിജയ് വയോധികയ്ക്ക് സൺഗ്ലാസ് സമ്മാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കാവേരി ഡെൽറ്റയിലെ സാംബ നെൽകൃഷിക്കായി മേട്ടൂർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നതിനായി ചൊവ്വാഴ്ച സേലത്തെത്തിയതായിരുന്നു വിജയ്. മേട്ടൂരിലെ ജലവൈദ്യുത പദ്ധതി സന്ദർശിച്ച ശേഷം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹം അപ്രതീക്ഷിതമായി വാഹനം നിർത്തിയത്.
വയലിൽ ജോലി ചെയ്തുകൊണ്ടിരുന്ന പ്രായമായ സ്ത്രീകളെ കണ്ടതോടെയാണ് വിജയ് വാഹനം നിർത്തി അവരുമായി സംസാരിച്ചത്. ഇതിനിടെ ചെല്ലം മുന്നോട്ടുവന്ന് മുഖ്യമന്ത്രിയുടെ കൈപിടിച്ചു. തുടർന്ന് ചെല്ലത്തിനൊപ്പം കൈപിടിച്ച് പൂന്തോട്ടത്തിലൂടെ നടക്കുകയും ചെയ്തു.
സംസാരിക്കുന്നതിനിടെ വിജയ് തന്റെ സൺഗ്ലാസ് ചെല്ലത്തിന് സമ്മാനിക്കുകയായിരുന്നു. കണ്ണട സ്വീകരിക്കാൻ ചെല്ലം ആദ്യം മടിച്ചെങ്കിലും വിജയ് തന്നെ സൺഗ്ലാസ് അവരുടെ കണ്ണിൽ വെച്ചുകൊടുത്തു. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
“സിനിമയിൽ കാണുന്നതുപോലെ തന്നെയാണ് അദ്ദേഹത്തെ നേരിൽ കണ്ടപ്പോഴും തോന്നിയത്. എനിക്ക് വലിയ സന്തോഷമായി. ആരെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് തടയാൻ ഞാൻ ഉണ്ടാകുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. അദ്ദേഹത്തെ കാണാനായി കാത്തുനിൽക്കുകയായിരുന്നു,” ചെല്ലം പിന്നീട് പ്രതികരിച്ചു.
വിജയ്‌യെ കണ്ട സന്തോഷത്തിൽ തന്റെ പ്രശ്നങ്ങൾ അദ്ദേഹത്തോട് പറയാൻ മറന്നുപോയെന്നും ചെല്ലം പറഞ്ഞു. വിജയ് ഭക്ഷണം കഴിച്ചിരുന്നെന്നും താനും ഭക്ഷണം കഴിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
ഏകദേശം 15 മിനിറ്റോളം വിജയ് സ്ഥലത്ത് ചെലവഴിച്ചു. ഇതിനിടെ അവിടെ കൂടിയിരുന്നവർക്ക് സാരികളും മുണ്ടുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.