'അദാനി കമ്പനിയില്‍ സര്‍ക്കാരിന് ഓഹരിയില്ല; ചര്‍ച്ചകള്‍ തുടങ്ങിയത് എല്‍.ഡി.എഫ് കാലത്ത്': പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിഴിഞ്ഞം അദാനി പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്നും, സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തി മാത്രമേ ഓഹരി കൈമാറ്റത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്നും പ്രതിപക്ഷ നേതാവിന് അയച്ച ഔദ്യോഗിക മറുപടിക്കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം കരാറിലെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറ്റം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍, സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി സെബിയെ സമീപിച്ച നടപടിയിലുള്ള കടുത്ത അതൃപ്തി സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് പ്രതിപക്ഷ നേതാവ് ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുന്നതുവരെ ഓഹരി കൈമാറ്റ കാര്യം കമ്പനി സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അന്നേ ദിവസം വൈകുന്നേരമാണ് അദാനി ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ കത്ത് സര്‍ക്കാരിന് ലഭിക്കുന്നത്. തുടര്‍ന്ന് ജൂലൈ മൂന്നിന് രണ്ടാമതൊരു കത്തും കമ്പനി നല്‍കി. ഈ വിഷയം വിശദമായി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേര്‍ഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
നിലവിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ നല്‍കിയിട്ടില്ല. നിലവിലെ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചിരുന്നു. കരാറിലെ ക്ലോസ് 5.8 പ്രകാരം കോമണ്‍ യൂസര്‍ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൂടാതെ ഓഹരി കൈമാറ്റത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ അനുമതികളും ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശങ്ങള്‍ ആവശ്യമായ ഘട്ടത്തില്‍ കൃത്യമായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്തിനെതിരെ കടുത്ത രാഷ്ട്രീയ ചോദ്യങ്ങളും മുഖ്യമന്ത്രി കത്തില്‍ ഉന്നയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2025ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ ഓഹരി വാങ്ങാന്‍ ശ്രമിക്കുന്ന എം.എസ്.സി (MSC) കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. അന്നുമുതല്‍ക്കേ ഓഹരി കൈമാറ്റ ചര്‍ച്ചകള്‍ നടന്നിരുന്നു എന്ന് വേണം കരുതാന്‍. 'വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെര്‍മിനല്‍' എന്ന് കഴിഞ്ഞ ജൂണ്‍ 5-ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. കൂടാതെ, വിദേശ നിക്ഷേപം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണെന്ന് ജൂലൈ ഒന്നിന് ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവാണ്.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രിയും സി.പി.എമ്മും അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കുമോ എന്ന് വി.ഡി. സതീശന്‍ ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അദാനി കമ്പനിയുമായി എന്തെങ്കിലും ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്നും, ഓഹരി കൈമാറ്റ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പറയണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.