Logo
Sun, Aug 16, 2026 • 05:15 PM
LIVE TV
Watch

No business videos available

No Middle East videos available

‘ഖലീഫ’യ്ക്ക് രാവിലെ 9ന് ആദ്യ ഷോ; ഓഗസ്റ്റ് 20ന് ആഗോള റിലീസ്, അഡ്വാൻസ് ബുക്കിംഗ് ഇന്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 16, 2026
1 min read
SHARE:
SAVE: Login to save

‘ഖലീഫ’യ്ക്ക് രാവിലെ 9ന് ആദ്യ ഷോ; ഓഗസ്റ്റ് 20ന് ആഗോള റിലീസ്, അഡ്വാൻസ് ബുക്കിംഗ് ഇന്ന്

പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യുടെ ആദ്യ പ്രദർശനം രാവിലെ 9ന് ആരംഭിക്കും. കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലും രാവിലെ 9ന് തന്നെയായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോയെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.

ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ‘ഖലീഫ’ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ ഫാൻസ് ഷോകളോടെയാകും ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുക. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകിട്ട് 4ന് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

ചിത്രത്തിന്റെ ട്രെയ്‌ലറും ഇന്ന് പുറത്തിറങ്ങും. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലിയായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും അതിഥി വേഷത്തിൽ ചിത്രത്തിലുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്നും അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും തെലുങ്ക് താരം മാളവിക ശർമ്മയും ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന മാസ്-സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറാണ് ‘ഖലീഫ’. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളും ചിത്രത്തിലുണ്ടാകുമെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ നൽകുന്നത്.

‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’.

ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയുമാണ് സഹനിർമാതാക്കൾ. ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനറാണ്. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു.

മോഹൻദാസ് കലാസംവിധാനവും മഷർ ഹംസ കോസ്റ്റ്യൂംസും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിക്കുന്നു. സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈൻ. എം.ആർ. രാജാകൃഷ്ണനാണ് ഫൈനൽ മിക്സ്. ശ്രീക്ക് വാര്യർ കളറിസ്റ്റും പ്രശാന്ത് നായർ (3ഡിഎസ്) വിഎഫ്എക്സ് വിഭാഗവും കൈകാര്യം ചെയ്യുന്നു. ഷൈൻ വർഗീസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിപിൻകുമാർ പൊഫാറ്റിയോ പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്ങിനും ശബരി പിആർഒ ചുമതലയും വഹിക്കുന്നു.





Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10