തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ.) മൂന്നാം സീസണിന് ആതിഥ്യം വഹിക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി. മുൻ സീസണുകളിലേതുപോലെ ബാറ്റർമാർക്ക് അനുകൂലമായ റണ്ണൊഴുകുന്ന പിച്ചുകളായിരിക്കും ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ എ.എം. ബിജു പറഞ്ഞു. പിച്ചുകളുടെ നിർമാണത്തോടൊപ്പം ഔട്ട്ഫീൽഡിന്റെ ജോലികളും ഏറെക്കുറെ പൂർത്തിയായി. അവസാനഘട്ട റോളിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്.
ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് മൂന്നാം സീസൺ കെ.സി.എൽ. നടക്കുന്നത്. ടൂർണമെന്റിന് പിന്നാലെ ഏതാനും അന്താരാഷ്ട്ര മത്സരങ്ങൾക്കും ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഇത് മുന്നിൽക്കണ്ട് രണ്ടര മാസം മുൻപേ ആരംഭിച്ച ഒരുക്കങ്ങളാണ് ഇപ്പോൾ പൂർത്തിയാകുന്നത്.
കഴിഞ്ഞ സീസണിൽ കെ.സി.എല്ലിനായി അഞ്ച് പിച്ചുകളാണ് തയ്യാറാക്കിയിരുന്നതെങ്കിൽ ഇത്തവണ ആറ് പ്രധാന പിച്ചുകളാണുള്ളത്. രണ്ടാഴ്ച നീളുന്ന ടൂർണമെന്റിൽ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടക്കുന്നതിനാൽ പിച്ചുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനായാണ് എണ്ണം വർധിപ്പിച്ചത്. പിച്ചുകൾ മാറിമാറി ഉപയോഗിച്ചായിരിക്കും മത്സരങ്ങൾ നടത്തുക.മത്സര പിച്ചുകൾക്ക് പുറമെ പരിശീലനത്തിനായി മൂന്ന് പിച്ചുകളും രണ്ട് ആസ്ട്രോ ടർഫ് വിക്കറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
കർണാടകയിലെ മാണ്ഡ്യയിൽനിന്ന് പ്രത്യേകമായി എത്തിച്ച ഗുണനിലവാരമുള്ള മണ്ണുപയോഗിച്ചാണ് പ്രധാന പിച്ചുകൾ നിർമിച്ചിരിക്കുന്നത്. പരുത്തിക്കൃഷിക്ക് അനുയോജ്യമായതും ഈർപ്പം നിലനിർത്താൻ ശേഷിയുള്ളതുമായ മണ്ണാണിത്. മികച്ച ബൗൺസ് ഉറപ്പാക്കുന്നതിനൊപ്പം പിച്ച് അമിതമായി സ്ലോ ആകാതിരിക്കാനും ഇത് സഹായിക്കുമെന്ന് ക്യൂറേറ്റർ പറഞ്ഞു.
കെ.സി.എല്ലിന്റെ ആദ്യ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് 200 റൺസ് പിന്നിട്ട സ്കോർ പിറന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ ടീമുകൾ 200ന് മുകളിൽ സ്കോർ ചെയ്തു. ഇരു സീസണുകളിലും 200ന് മുകളിലുള്ള കൂറ്റൻ വിജയലക്ഷ്യങ്ങൾ വിജയകരമായി പിന്തുടരാനും ടീമുകൾക്ക് കഴിഞ്ഞിരുന്നു.
ഇത്തവണയും സമാനമായ റണ്ണൊഴുകുന്ന മത്സരങ്ങൾക്കാണ് പ്രതീക്ഷയെന്ന് എ.എം. ബിജു പറഞ്ഞു. ട്വന്റി20 ക്രിക്കറ്റിന്റെ ആവേശം ഒട്ടും ചോരാത്ത തരത്തിലാണ് വിക്കറ്റുകൾ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മഴ മത്സരത്തിന് തടസ്സമായാലും ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആശങ്ക വേണ്ട. മഴ പെയ്തുതോർന്ന് വെറും അരമണിക്കൂറിനുള്ളിൽ മത്സരം പുനരാരംഭിക്കാൻ കഴിയുന്ന ആധുനിക ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുള്ളത്.
ക്യൂറേറ്റർ എ.എം. ബിജുവിന്റെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘമാണ് പിച്ചിന്റെയും ഔട്ട്ഫീൽഡിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
മൂന്നര പതിറ്റാണ്ടിലേറെയായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിശ്വസ്ത ക്യൂറേറ്ററാണ് എ.എം. ബിജു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിച്ചുകളൊരുക്കിയാണ് അദ്ദേഹം ക്യൂറേറ്ററായി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഗ്രീൻഫീൽഡ്, തുമ്പ, മംഗലപുരം എന്നിവയുൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഡിയങ്ങളിലെ പിച്ചുകളുടെ നിർമാണത്തിനും പരിപാലനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചുവരുന്നു.
ബാറ്റും പന്തും തമ്മിലുള്ള ആവേശപ്പോരാട്ടങ്ങൾക്ക് വേദിയാകാൻ കാര്യവട്ടം ഗ്രീൻഫീൽഡ് പൂർണ സജ്ജമായിക്കഴിഞ്ഞു. ട്വന്റി20 ക്രിക്കറ്റിന്റെ ആവേശം വാനോളമുയർത്തുന്ന പോരാട്ടങ്ങൾക്കാണ് ഇനി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ആവേശം നിറയും; കേരള ക്രിക്കറ്റ് ലീഗിനായി കാര്യവട്ടം ഗ്രീൻഫീൽഡ് ഒരുങ്ങി