തിരുവനന്തപുരം: നടൻ ദേവൻ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും ദേവൻ വ്യക്തമാക്കി.
ഗുരുദേവ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ കഴിയുന്നില്ലെന്നും ദേവൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2004ൽ കേരളത്തിന്റെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ദേവൻ ‘നവകേരള പീപ്പിൾസ് പാർട്ടി’ രൂപീകരിച്ചത്. 2004ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു.
പിന്നീട് കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള ചർച്ചകൾക്ക് ശേഷമാണ് നവകേരള പീപ്പിൾസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ബിജെപിയിൽ സജീവമായ ദേവൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തും പ്രവർത്തിച്ചു.
നടൻ ദേവൻ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു