തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നേരിട്ടുള്ള സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18 ചൊവ്വാഴ്ച തുടക്കമാകും. ഇതുവരെ ട്രാൻസ്ഷിപ്പ്‌മെന്റ് പ്രവർത്തനങ്ങൾ മാത്രം നടന്നിരുന്ന തുറമുഖത്ത് ഇനി മുതൽ നേരിട്ടുള്ള വ്യാപാര ഇടപാടുകൾ സാധ്യമാകും. ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഴിഞ്ഞത്തെ ആദ്യ കയറ്റുമതി കണ്ടെയ്നറുകൾ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത മന്ത്രി സർബാനന്ദ സോണോവാൾ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഇതിനോടൊപ്പംതന്നെ കേരളത്തിന്റെ സമഗ്ര വ്യവസായ-ലോജിസ്റ്റിക് വികസനം ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' പദ്ധതിക്കും ഇതേ വേദിയിൽ തുടക്കമാകും.
400 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ ഒരു വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരദേശത്തെ ബന്ധിപ്പിച്ച് എട്ട് വ്യാവസായിക ക്ലസ്റ്ററുകളും, മൂന്ന് പുതിയ നഗരങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. ഇതുവരെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങൾ വഴി ചരക്ക് അയച്ചിരുന്ന ദക്ഷിണേന്ത്യയിലെ കയറ്റുമതിക്കാർക്ക് ഇനി മുതൽ വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് ചരക്കുകൾ അയക്കാനാകും. ഇത് യാത്രാസമയത്തിലും ചെലവിലും വലിയ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ റൂട്ടിലൂടെ യൂറോപ്പിലേക്കുള്ള ചരക്കുകൾ 24 ദിവസത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകും. മറ്റ് റൂട്ടുകളേക്കാൾ 10 ദിവസം വേഗത്തിലാണിത്. പ്രമുഖ ഷിപ്പിങ് ഭീമന്മാരായ എം.എസ്.സി തങ്ങളുടെ പ്രശസ്തമായ 'ജേഡ് സർവീസിൽ' വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. തുറമുഖത്തുനിന്നുള്ള ആദ്യ നേരിട്ടുള്ള കയറ്റുമതിക്കായി തിരുവനന്തപുരം ആസ്ഥാനമായുള്ള നിലമേൽ എക്‌സ്‌പോർട്‌സ് ആണ് ആദ്യ കണ്ടെയ്നർ ബുക്ക് ചെയ്തിരിക്കുന്നത്. ഭക്ഷ്യസാധനങ്ങൾ അടങ്ങിയ ഈ കണ്ടെയ്നർ കസ്റ്റംസ് ഹൗസ് ഏജന്റായ ആസ്പിൻവാൾ ആൻഡ് കമ്പനി വഴിയാണ് പ്രോസസ്സ് ചെയ്തത്. അന്താരാഷ്ട്ര ഷിപ്പിങ് പാതയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ഈ ചരിത്രപരമായ ചുവടുവെപ്പ് കേരളത്തിന്റെ കാർഷിക, സുഗന്ധവ്യഞ്ജന, കശുവണ്ടി, കൈത്തറി മേഖലകൾക്ക് വലിയ വിദേശ വിപണികൾ തുറന്നുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.