വിദ്യാർഥി പ്രതിഷേധം: സർക്കാർ ഉറപ്പ് പാലിച്ചില്ലെന്ന് സിജെപി; വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന സർക്കാർ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). വാക്ക് പാലിച്ചില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.
സമരക്കാർക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ‘സാക്ഷി’ എന്ന വെബ്‌സൈറ്റ് ആരംഭിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബലിനൊപ്പമാണ് സിജെപി പ്രതിനിധികൾ വാർത്താസമ്മേളനം നടത്തിയത്. സിജെപിയുടെ നിലപാടിന് കപിൽ സിബൽ പിന്തുണ പ്രഖ്യാപിച്ചു.
നിയമസഹായം ഉറപ്പാക്കുമെന്ന് സിജെപി
സർക്കാർ നൽകിയ ഉറപ്പുകളിൽ നിന്ന് പിന്മാറുകയാണെന്നും പ്രതിഷേധക്കാരെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൗരവ് ദാസ് ആരോപിച്ചു. “സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും നിയമസഹായം ഉറപ്പാക്കും. പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ തെളിവായി അപ്‌ലോഡ് ചെയ്യുന്നതിനായി cockroachjantaparty.org/saakshi എന്ന വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് സിജെപി സംഘം ബന്ധപ്പെട്ട് നിയമപരമായ സഹായം നൽകും,” സൗരവ് ദാസ് പറഞ്ഞു.
രാജ്യത്തിന്റെ ഏത് ഭാഗത്തും വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിടുന്നവർക്ക് സഹായം ലഭ്യമാക്കുമെന്ന് കപിൽ സിബൽ വ്യക്തമാക്കി.
നിയമസഹായത്തിനായി ധനസമാഹരണം നടത്തുമെന്ന് കപിൽ സിബൽ
നിയമനടപടികൾ നേരിടുന്ന പ്രതിഷേധക്കാരെ സഹായിക്കുന്നതിനായി ധനസമാഹരണത്തിനുള്ള സംവിധാനവും ഒരുക്കുമെന്ന് കപിൽ സിബൽ അറിയിച്ചു. ഒരു രൂപയെങ്കിലും സംഭാവന നൽകാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
ഫണ്ട് വിതരണം സിജെപി നടത്തുമെന്നും, ഇത് ഇന്ത്യയുടെ പുരോഗതിക്കായുള്ള പ്രസ്ഥാനമാണെന്നും കപിൽ സിബൽ പറഞ്ഞു.
അതേസമയം, ബിഹാറിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് എകെ47 ഉപയോഗിച്ചതായി സിജെപി വക്താവ് രത്‌ന സിങ് ആരോപിച്ചു. കൊൽക്കത്തയിൽ അറസ്റ്റിലായ 12 പേരിൽ 10 പേരും മുസ്‌ലിംകളാണെന്നും, ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് പൊലീസ് നടപടികളെന്നും രത്‌ന സിങ് ആരോപിച്ചു.
സർക്കാരുമായുള്ള ഉറപ്പുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രതിഷേധക്കാരുടെ നിയമപരമായ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും സിജെപി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.