'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ അധ്യായമായ "മഹാകാളി"യുടെ ആദ്യ ഗ്ലിമ്പ്സ് പുറത്തിറങ്ങി. ബോളിവുഡ് താരം അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന 'ശുക്രാചാര്യർ' എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന മാസ് ഗ്ലിമ്പ്സാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പൂജ അപർണ്ണ കൊല്ലുരു സംവിധാനം ചെയ്യുന്ന ചിത്രം 2027 ജനുവരി 8-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിച്ച് ആർ.കെ. ദുഗ്ഗൽ അവതരിപ്പിക്കുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോയെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.
അസുരന്മാർക്ക് വേണ്ടി നിലകൊള്ളുന്ന സന്യാസിവര്യനായ ശുക്രാചാര്യരുടെ 'വാർ ക്രൈ' എന്ന ടൈറ്റിലോടെയാണ് ഗ്ലിമ്പ്സ് എത്തിയത്. ദേവന്മാർക്ക് എതിരെ നിന്ന് മനുഷ്യകുലത്തെ നശിപ്പിക്കാൻ പ്രതിജ്ഞയെടുത്ത തീവ്രമായ കഥാപാത്രമായാണ് അക്ഷയ് ഖന്ന ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മികച്ച വിഎഫ്എക്‌സ് ദൃശ്യങ്ങളും കൊണ്ട് ശ്രദ്ധേയമായ ഗ്ലിമ്പ്സ്, ധർമ്മവും അധർമ്മവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശ്രിയ റെഡ്ഡി, സമുദ്രക്കനി എന്നിവരും പ്രത്യക്ഷപ്പെടുന്ന ഗ്ലിമ്പ്സ് "ദി എൻഡ് ബിഗിൻസ്" എന്ന കുറിപ്പോടെയാണ് അവസാനിക്കുന്നത്.
ഭൂമി ഷെട്ടി ടൈറ്റിൽ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ രോഹിത് സറഫ്, ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ, ബബ്ലു പൃഥ്വീരാജ്, ജിതിൻ ഗുലാട്ടി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. ഐമാക്സ് ഫോർമാറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്.
പുരാണ വീര ചരിതങ്ങളെ സമകാലിക പശ്ചാത്തലവുമായി ബന്ധിപ്പിച്ച് ബംഗാളിന്റെ സംസ്കാരത്തിലാണ് 'മഹാകാളി'യുടെ കഥ അവതരിപ്പിക്കുന്നത്. പ്രശാന്ത് വർമ്മയുടെ 'പുരാണ വീര ചരിത ഉദയം' എന്ന സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായ മഹാകാളി, വിവിധ ഇന്ത്യൻ-വിദേശ ഭാഷകളിൽ ഐമാക്സ് 3D ഫോർമാറ്റിലാണ് തിയേറ്ററുകളിലേക്ക് എത്തുക.