കൊച്ചി: തെരുവ് നായ്ക്കളുടെ ദയാവധവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കി. അക്രമകാരികളായ നായ്ക്കൾക്ക് പുറമെ പേവിഷബാധയേറ്റവ, ഗുരുതരമായി പരിക്കേറ്റവ, ചികിത്സിച്ച് ഭേദമാക്കാനാകാത്ത രോഗബാധിതരായ നായ്ക്കൾ എന്നിവയെയും മാനദണ്ഡങ്ങൾ പാലിച്ച് ദയാവധത്തിന് വിധേയമാക്കാമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
നായ്ക്കൾക്ക് ദയാവധത്തിനുള്ള മരുന്ന് കുത്തിവെക്കേണ്ടത് വെറ്ററിനറി സർജൻ മാത്രമായിരിക്കണമെന്നും നിർദേശമുണ്ട്. സോഡിയം പെന്റോബാർബിറ്റൽ, തയോപ്പെന്റാൽ സോഡിയം എന്നീ മരുന്നുകൾ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. യന്ത്രം ഉപയോഗിച്ച് നായ്ക്കളെ കൊല്ലുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
ദയാവധത്തിന് വിധേയമാക്കുന്നതിനായി നായ്ക്കളെ പിടികൂടിയ ശേഷം മൂന്ന് ദിവസം ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ഈ കാലയളവിൽ നായയെ ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാണോയെന്നും പരിശോധിക്കണം. ഏറ്റെടുക്കാൻ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ദയാവധം നടത്താവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
ദയാവധം നടത്തുന്ന ഓരോ നായയുടെയും വിശദമായ രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നായ്ക്കളെ പിടികൂടിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തുന്നതിനായി ക്യാപ്ചർ മാപ്പും തയ്യാറാക്കണം. നടപടിക്രമം സുതാര്യമായും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചും നടപ്പാക്കുന്നതിനാണ് മാർഗനിർദേശം.