വീണ്ടും രക്ഷകനായി മിഖേല്‍ മെറീനോ; ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍; സെമിയില്‍ എതിരാളികള്‍ ഫ്രാന്‍സ്
കാലിഫോര്‍ണിയ: വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്‌പെയിന്‍ ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. കാലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 88-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മിഖേല്‍ മെറീനോ നേടിയ ഗോളാണ് സ്‌പെയിന് വിജയം സമ്മാനിച്ചത്. സെമിയില്‍ കരുത്തരായ ഫ്രാന്‍സാണ് സ്‌പെയിന്റെ എതിരാളികള്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തില്‍ സ്പാനിഷ് പടയാണ് ആധിപത്യം പുലര്‍ത്തിയത്. കളിയുടെ 30-ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസിലൂടെ സ്‌പെയിന്‍ ആദ്യ ഗോള്‍ നേടി മുന്നിലെത്തി. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയെ തകര്‍ത്തുവന്ന ബെല്‍ജിയം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 41-ാം മിനിറ്റില്‍ തിമോത്തി കാസ്റ്റഗ്‌നെയുടെ അസിസ്റ്റില്‍ നിന്ന് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ (1-1) കണ്ടെത്തി.
റോഡ്രി, പെഡ്രി എന്നിവരുടെ നേതൃത്വത്തില്‍ 68 ശതമാനം പന്തടക്കവുമായി സ്‌പെയിന്‍ മധ്യനിര ഭരിച്ചെങ്കിലും ബെല്‍ജിയത്തിന്റെ പ്രതിരോധം ശക്തമായിരുന്നു. മത്സരത്തിന്റെ 71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടോയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് അവര്‍ക്ക് തിരിച്ചടിയായി.
മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 88-ാം മിനിറ്റില്‍ മിഖേല്‍ മെറീനോ സ്‌പെയിന്റെ രക്ഷകനായി അവതരിച്ചത്. ബെല്‍ജിയത്തിന്റെ പകരക്കാരന്‍ ഗോള്‍കീപ്പറുടെ കൈകളില്‍ നിന്ന് തെറിച്ചുവീണ പന്ത് കൃത്യമായി വലയിലെത്തിച്ച് മെറീനോ സ്‌പെയിന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെയും മെറീനോ അവസാന നിമിഷത്തില്‍ സ്‌പെയിന്റെ വിജയഗോള്‍ നേടിയിരുന്നു.
തോല്‍വി അറിയാതെ കുതിക്കുന്ന സ്‌പെയിന്‍ ഇതോടെ ടൂര്‍ണമെന്റിന്റെ അവസാന നാലില്‍ ഇടംപിടിച്ചു. യു.എസ്.എ, സെനഗല്‍ തുടങ്ങിയ ടീമുകളെ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്ത ബെല്‍ജിയം തലയുയര്‍ത്തിത്തന്നെയാണ് ലോകകപ്പില്‍ നിന്ന് മടങ്ങുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.