ദുബൈ: 2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് തുടക്കം കുറിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ആലോചിക്കുന്നതായി റിപ്പോർട്ട്. അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് നൽകിയ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് ടൂർണമെന്റ് ഒക്ടോബർ 2ന് ആരംഭിക്കാൻ പദ്ധതിയിടുന്നതെന്നാണ് വിവരം.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര നായകനായ മഹാത്മാഗാന്ധി തന്റെ ജീവിതത്തിലെ 21 വർഷം ദക്ഷിണാഫ്രിക്കയിലാണ് ചെലവഴിച്ചത്. 2027ലെ ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലായാണ് നടക്കുന്നത്. ഗാന്ധിജിയുമായി ദക്ഷിണാഫ്രിക്കയ്ക്കുള്ള ചരിത്രപരമായ ബന്ധവും പരിഗണിച്ചാണ് ടൂർണമെന്റിന്റെ ഉദ്ഘാടന തീയതി മാറ്റുന്നതെന്നാണ് സൂചന.
ലോകം വിവിധ തരത്തിൽ ധ്രുവീകരിക്കപ്പെടുന്ന സാഹചര്യത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ടെന്നാണ് ക്രിക്ബസിന്റെ റിപ്പോർട്ട്.
നേരത്തെ ഒക്ടോബർ 8ന് ലോകകപ്പ് ആരംഭിക്കാനായിരുന്നു ധാരണ. എന്നാൽ പിന്നീട് തീയതിയിൽ മാറ്റം വരുത്തുകയായിരുന്നു. ഒക്ടോബർ 2ന് ആരംഭിക്കുന്ന ടൂർണമെന്റ് നവംബർ 21ന് സമാപിക്കും.
14 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിലെ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിലെ എട്ട് വേദികളിലും സിംബാബ്‌വെയിലെ മൂന്ന് വേദികളിലും നമീബിയയിലെ ഒരു വേദിയിലുമായാണ് നടത്തുക.
ഗാന്ധി ജയന്തി ദിനത്തിൽ 2027 ഏകദിന ലോകകപ്പിന് തുടക്കമിടാൻ ഐസിസി