സുകുമാരന്‍ നായരെ ലക്ഷ്യമിട്ട് കേന്ദ്രം; അനുനയവുമായി രാജീവ് ചന്ദ്രശേഖര്‍; ബിജെപിയില്‍ ഇരട്ടത്താപ്പോ?
കേരളത്തിലെ ഏറ്റവും ശക്തമായ സമുദായ സംഘടനകളിലൊന്നായ നായര്‍ സര്‍വീസ് സൊസൈറ്റിയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം മുമ്പെങ്ങുമില്ലാത്തവിധം സങ്കീര്‍ണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും നടത്തിയ പരാമര്‍ശങ്ങള്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അനുനയ നീക്കം ബി.ജെ.പിക്കുള്ളിലെ രണ്ട് വ്യത്യസ്ത ചിന്താഗതികളെ പുറത്തുകൊണ്ടുവരുന്നു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്റെ വാക്കുകള്‍ ആരെയാണ് ലക്ഷ്യമിട്ടതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. മന്നം സമാധിയില്‍ അനുമതി നിഷേധിച്ചതിലുള്ള അമര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴുമുണ്ട് എന്നതിന്റെ തെളിവാണ് ഈ പരസ്യപ്രതികരണം.
പെരുന്നയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ അമര്‍ഷം മുഴുവന്‍ സുരേഷ്ഗോപിയ്ക്കുമുണ്ട്. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന എന്‍ എസ് എസ് നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. എന്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി. നേതാക്കളോട് കാണിക്കുന്ന 'അയിത്തം' ഇനി വെച്ചുപൊറുപ്പിക്കില്ല എന്ന കര്‍ക്കശമായ സന്ദേശമാണ് സുരേഷ് ഗോപി നല്‍കുന്നത്. കേന്ദ്ര നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്‍.എസ്.എസിനെ ചേര്‍ത്തുപിടിക്കുന്നത് ബി.ജെ.പിയുടെ ഒരു തന്ത്രപരമായ നീക്കമാണ്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരേ ബി.ജെ.പി. എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുന്നതിലൂടെ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് സംഘടനയെ ബഹുമാനിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നത് ഇതുവഴി സമുദായ വോട്ടര്‍മാരെ അകറ്റാതിരിക്കുക എന്നതാണ് അടവ് . സുകുമാരന്‍ നായരുമായി തനിക്കുള്ള വ്യക്തിപരമായ സംസ്ഥാന നേതൃത്വത്തിനുള്ള അടുപ്പം എടുത്തു പറയുകയും അതേ സമയം തന്നെ കേന്ദ്ര നേതൃത്വത്തെയും സുരേഷ് ഗോപിയെയും മുന്‍നിര്‍ത്തി എന്‍.എസ്.എസ്. നേതൃത്വത്തിന്റെ രാഷ്ട്രീയ പിടിവാശികളെ തകര്‍ക്കുക. എന്ന തന്ത്രമാണ് ബിജെപിയുടേത് . എന്‍.എസ്.എസ്. എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാതെ തന്നെ, അതിന്റെ നിലവിലെ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി അനുകൂലമാക്കുക എന്ന കഠിനമായ രാഷ്ട്രീയ വ്യായാമമാണ് ബി.ജെ.പി. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.