"വൈദ്യുതി പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പാക്കും"; കോഴിക്കോട് കളക്ടറേറ്റിൽ വൈദ്യുതി അവലോകന യോഗത്തില്‍ മന്ത്രി സണ്ണി ജോസഫ്
കോഴിക്കോട് ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനുമായി പ്രത്യേക വികസന പദ്ധതികൾ നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രശ്നങ്ങൾ പ്രാദേശികതലത്തിൽ പരിശോധിച്ച് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട എം.എൽ.എമാരെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.കോഴിക്കോട് കളക്ടറേറ്റിൽ ജില്ലയിലെ വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ മേഖലകളിലെ പ്രശ്നങ്ങളും പുതിയ വികസന ആവശ്യങ്ങളും അവലോകനം ചെയ്യുന്നതിനായി ചേർന്ന ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങളും വികസന പദ്ധതികളുടെ പുരോഗതിയും കൃത്യമായ ഇടവേളകളിൽ വിലയിരുത്തുന്നതിന് ജനപ്രതിനിധികളെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മൂന്ന് മാസത്തിലൊരിക്കൽ ജില്ലാതല അവലോകന യോഗം സംഘടിപ്പിക്കാനും മന്ത്രി നിർദേശം നൽകി.സംസ്ഥാനം നിലവിൽ നേരിടുന്ന വൈദ്യുതി ദൗർലഭ്യവും വൈദ്യുതി നിയന്ത്രണങ്ങൾക്ക് ഇടയാക്കിയ സാഹചര്യങ്ങളും അനുബന്ധ പ്രശ്നങ്ങളും മന്ത്രി യോഗത്തിൽ വിശദീകരിച്ചു. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി ഉത്പാദനം വർധിപ്പിക്കുന്നതിനും പ്രസരണ-വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ ഊർജിതമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും അഹോരാത്രം സേവനമനുഷ്ഠിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വൈദ്യുതി പ്രശ്നങ്ങളിൽ ഉദ്യോഗസ്ഥർ അതിവേഗം ഇടപെടണമെന്നും ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണണമെന്നും മന്ത്രി നിർദേശിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ഓവർഹെഡ് വൈദ്യുതി ലൈനുകൾ ഘട്ടംഘട്ടമായി മാറ്റി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കണമെന്ന് കോഴിക്കോട് എം.പി എം. കെ. രാഘവൻ ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളിൽ സോളാർ റൂഫ്‌ടോപ്പ് പദ്ധതികൾ വ്യാപകമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നഗരത്തിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് പ്രസരണ-വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾക്ക് ക്യു.ആർ കോഡ് വഴി വൈദ്യുതി ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് വടകര എം.പി ഷാഫി പറമ്പിൽ നിർദേശിച്ചു. വൈദ്യുതി സംബന്ധമായ സേവനങ്ങളും സഹായങ്ങളും പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കണം. വൈദ്യുതി ഉപയോഗം, ഊർജ സംരക്ഷണം, സുരക്ഷ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുന്നമംഗലം, കൊടുവള്ളി മണ്ഡലങ്ങളിലെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനത്തിനായി ബന്ധപ്പെട്ട എം.എൽ.എമാരായ എം എ റസാഖ് മാസ്റ്ററും പി. കെ. ഫിറോസും പ്രത്യേക വികസന പാക്കേജുകളടങ്ങിയ നിവേദനം മന്ത്രിക്ക് സമർപ്പിച്ചു.പന്തീരാങ്കാവ് മേഖലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സബ്‌സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ പൂർത്തീകരിക്കണമെന്ന് കുന്നമംഗലം എം.എൽ.എ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വർധിച്ചുവരുന്ന ഉപഭോക്തൃ എണ്ണവും വികസന ആവശ്യങ്ങളും പരിഗണിച്ച് വൈദ്യുതി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരത്തിൽ പൂർണമായും തടസ്സരഹിതമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് 33 കെ.വി റിങ് സർക്യൂട്ട് സ്ഥാപിക്കണമെന്നും വൈദ്യുതി കേബിളുകൾ ഉൾപ്പെടെയുള്ള സേവന ശൃംഖലകൾക്കായി യൂട്ടിലിറ്റി ഡക്ട് സംവിധാനം നടപ്പാക്കണമെന്നും കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് ആവശ്യപ്പെട്ടു. നഗരവികസനത്തിനൊപ്പം വൈദ്യുതി അടിസ്ഥാന സൗകര്യ വികസനവും ഏകോപിതമായി നടപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ള കൊടുവള്ളി, കുന്നമംഗലം, കോവൂർ കെ.എസ്.ഇ.ബി സെക്ഷനുകൾ വിഭജിച്ച് പുതിയ സെക്ഷൻ ഓഫീസുകൾ രൂപീകരിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമവും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാക്കുന്നതിന് സെക്ഷനുകളുടെ പുനഃക്രമീകരണം ഉൾപ്പെടെയുള്ള നടപടികൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ദൗർലഭ്യം മൂലം പ്രതിസന്ധിയിലായ കട്ടിപ്പാറ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതിക്ക് സമർപ്പിത 33 കെ.വി ഫീഡർ അനുവദിക്കണമെന്ന് കൊടുവള്ളി എം.എൽ.എ പി. കെ. ഫിറോസ് ആവശ്യപ്പെട്ടു. വ്യവസായ വികസനത്തിന് ആവശ്യമായ വൈദ്യുതി അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും കൊടുവള്ളി മേഖലയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഗണിച്ച് വിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ ഉയർന്നുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ പുതിയ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കൊയിലാണ്ടി 110 കെ.വി സബ്‌സ്റ്റേഷൻ പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാകാത്തതാണ് പദ്ധതി വൈകുന്നതിന് കാരണമെന്ന് കെ. പ്രവീൺ കുമാർ എം എൽ എയുടെ ആവശ്യത്തോട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ യോഗത്തിൽ പ്രതികരിച്ചു. കൊയിലാണ്ടി സബ്‌സ്റ്റേഷൻ നിർമാണത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി അറിയിച്ചു. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും കളക്ടർ ഉറപ്പുനൽകി. ചേളന്നൂർ ഭാഗത്ത് പുതിയ സബ് സ്റ്റേഷൻ്റെ ആവശ്യകത വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ ചൂണ്ടിക്കാട്ടി.
ബാലുശ്ശേരി മണ്ഡലത്തിലെ വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് പുതിയ സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമവും വൈദ്യുതി വിതരണ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പ്രസരണ-വിതരണ സംവിധാനങ്ങളുടെ ശേഷി വർധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.മലയോര മേഖലയിലെ ചെറുകിട ജലവൈദ്യുത പദ്ധതികളായ ചെമ്പുകടവ്, പൂവാരംതോട്, ഒലിക്കൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ആവശ്യപ്പെട്ടു. നെല്ലിക്കാപറമ്പ്, പുഷ്പഗിരി മേഖലകളിൽ പുതിയ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. മലയോര മേഖലകളിലെ വൈദ്യുതി വിതരണ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
പേരാമ്പ്ര ടൗണിലെ നടപ്പാതകളിലുള്ള വൈദ്യുതിക്കാലുകൾ മാറ്റിസ്ഥാപിക്കണമെന്ന് ഫാത്തിമ തഹ് ലിയ എം എൽ എ ആവശ്യപെട്ടു. ജില്ലയിലെ വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ മേഖലകളിലെ നിലവിലെ സ്ഥിതിയും നടപ്പാക്കിവരുന്ന പദ്ധതികളുടെ പുരോഗതിയും യോഗം വിശദമായി വിലയിരുത്തി. പുതിയ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കൽ, നിലവിലുള്ള സബ്‌സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കൽ, പുതിയ ഫീഡറുകൾ സ്ഥാപിക്കൽ, ട്രാൻസ്ഫോർമറുകളുടെ ശേഷി വർധിപ്പിക്കൽ, പഴകിയ വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കൽ, വോൾട്ടേജ് ക്ഷാമം പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായി വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റിസ്ഥാപിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. വികസന പദ്ധതികൾക്കും വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്കും ആവശ്യമായ വൈദ്യുതി കണക്ഷനുകളും അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കണം.ജനപ്രതിനിധികൾ ഉന്നയിച്ച ഓരോ വിഷയത്തിലും ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നിലവിലെ സ്ഥിതിയും സ്വീകരിച്ച നടപടികളും വിശദീകരിച്ചു. അടിയന്തരമായി പരിഹരിക്കാവുന്ന വിഷയങ്ങളിൽ ഉടൻ നടപടി സ്വീകരിക്കാനും കൂടുതൽ പഠനവും സാമ്പത്തിക അനുമതിയും ആവശ്യമായ പദ്ധതികളുടെ വിശദമായ നിർദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കാനും മന്ത്രി നിർദേശം നൽകി.
ജില്ലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും കെ.എസ്.ഇ.ബിയുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത പ്രവർത്തനം ഉറപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ജനപ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങൾ മുൻഗണനാക്രമത്തിൽ പട്ടികപ്പെടുത്തി തുടർനടപടി സ്വീകരിക്കാനും പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്താനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
കോഴിക്കോട് എം.പി എം. കെ. രാഘവൻ, വടകര എം.പി ഷാഫി പറമ്പിൽ, എം.എൽ.എമാരായ അഡ്വ. കെ. പ്രവീൺ കുമാർ, ഫാത്തിമ തഹ്‌ലിയ, വി. ടി. സൂരജ്, വിദ്യാ ബാലകൃഷ്ണൻ, അഡ്വ. കെ. ജയന്ത്, ഫൈസൽ ബാബു, എം. എ. റസാഖ് മാസ്റ്റർ, പി. കെ. ഫിറോസ്, സി. കെ. കാസിം, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, കെ.എസ്.ഇ.ബി ഉത്പാദന, പ്രസരണ, വിതരണ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എം എൽ എമാരായ പി.എ മുഹമ്മദ് റിയാസ്, പാറക്കൽ അബ്ദുല്ല എന്നിവരുടെ പ്രതിനിധികളും സംബന്ധിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.