കോഴിക്കോട്: രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായ വടകര 'കാഫിർ' സ്‌ക്രീൻഷോട്ട് കേസിൽ ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. സി.പി.എം കണ്ണങ്കുഴി ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ വടകര ടൗൺ മേഖലാ കമ്മിറ്റിയംഗവുമായ ആർ. അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്. 'റെഡ് ബറ്റാലിയൻ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തതിനാണ് അമലിനെതിരെയുള്ള നടപടി.
കേസിൽ നേരത്തെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്‌കർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ജൂൺ 16-ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത ജിതിൻ റിമാൻഡിലായതിനെ തുടർന്ന്, 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ ജിതിന് സി.പി.എം പ്രവർത്തകർ പരസ്യമായി സ്വീകരണം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കേസിലെ മറ്റൊരു പ്രതിയും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ റിബേഷ് രാമകൃഷ്ണന് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേസിൽ ഇപ്പോൾ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.