തിരുവനന്തപുരം: ബെംഗളൂരു ബിഡദിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹത സംശയിച്ച് അധികൃതർ. അപകടം നടന്നതിന് സമീപം ഇന്നലെ രാത്രി കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറുണ്ടായതോടെയാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഓഗസ്റ്റ് എട്ടിനുണ്ടായ അപകടത്തിന് മുമ്പ് അജ്ഞാതർ ബസിന്റെ ചില്ലിലേക്ക് മുട്ട എറിഞ്ഞിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. മുട്ടയേറിനെ തുടർന്ന് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമെന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗതമന്ത്രി നിർദേശം നൽകി.
അപകടത്തിൽ ബസ് പൂർണമായി തകർന്നതിനാൽ ചില്ലുകളിലേക്ക് മുട്ടയേറുണ്ടായതിന്റെ തെളിവുകളുണ്ടോയെന്ന് ഫൊറൻസിക് പരിശോധനയിലൂടെ പരിശോധിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. ഇന്നലെ രാത്രി ഉണ്ടായ മുട്ടയേറിനെക്കുറിച്ചും ഓഗസ്റ്റ് എട്ടിലെ അപകടത്തെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി കർണാടക ഡിജിപിക്ക് പരാതി നൽകി. ബിഡദിയിലെ മലയാളി സമാജവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് എട്ടിനുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് സ്ഥാപനത്തിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. അതേസമയം, ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഇതിനിടെയാണ് സമാന സ്ഥലത്തിന് സമീപം ഇന്നലെ രാത്രി മറ്റൊരു കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറുണ്ടായത്. മുട്ട എറിഞ്ഞതോടെ ഡ്രൈവർ ഉടൻ വേഗം കുറച്ചതിനാൽ വൻ അപകടം ഒഴിവാക്കാനായെന്നാണ് വിവരം. സംഭവസമയത്ത് ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നു