തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനത്തില്‍ ആഭ്യന്തര വകുപ്പ് അടിമുടി പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങുന്നു. 'ഓപ്പറേഷന്‍ തൂഫാന്‍' ലഹരിവിരുദ്ധ ദൗത്യം ഇന്‍സ്റ്റിറ്റിയൂഷണലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 15 മുതല്‍ നവീകരിച്ച പോലീസ് സംവിധാനമായിരിക്കും സംസ്ഥാനത്തുണ്ടാവുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 15 മുതല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകള്‍ ഒഴികെയുള്ള ബാക്കി എല്ലാ സ്റ്റേഷനുകളിലും എസ്.ഐ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (SHO). നിലവിലെ സി.ഐമാര്‍ക്ക് മൂന്നോ നാലോ സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതലയായിരിക്കും നല്‍കുക. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 15-നകം ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതല പരിശീലനം പൂര്‍ത്തിയാക്കും.
ഓഗസ്റ്റ് 15-ന് മുന്‍പായി കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും പൂര്‍ണ്ണമായും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ മാതൃകയില്‍ പെയിന്റ് അടിക്കാനും നിര്‍ദ്ദേശം നല്‍കി. പോലീസിനെതിരെയുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരും. പരാതികളില്‍ കൃത്യമായ ഓഡിറ്റിങ് നടത്തുന്നതോടെ അനാവശ്യ കാലതാമസം ഇല്ലാതാക്കും. ഉദ്യോഗാര്‍ത്ഥികളെ ചതിക്കുന്ന ജോലി തട്ടിപ്പുകള്‍ തടയാന്‍ ഉടന്‍ ശക്തമായ നടപടിയുണ്ടാകും.
പോലീസിനെ നയിക്കുന്നത് നിയമങ്ങളാണെന്ന് വ്യക്തമാക്കിയ മന്ത്രി, കുറ്റം ചെയ്യുന്നവര്‍ മാത്രം പോലീസിനെ പേടിച്ചാല്‍ മതിയാകുന്ന തരത്തില്‍ സ്റ്റേഷനുകളെ പൂര്‍ണ്ണമായും ജനസൗഹൃദമാക്കുമെന്നും വ്യക്തമാക്കി.
പോലീസില്‍ അടിമുടി മാറ്റം വരുന്നു; ഓഗസ്റ്റ് 15 മുതല്‍ പൊലീസ് സ്റ്റേഷന്റെ ചുമതല എസ്ഐക്ക്: പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി