Logo
Sat, Jun 27, 2026 • 08:45 AM
LIVE TV
Watch

No business videos available

No Middle East videos available

അയര്‍ലന്‍ഡില്‍ 'ഇടിത്തീ'; ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് ഐറിഷ് പട, ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 27, 2026
1 min read
SHARE:
SAVE: Login to save

അയര്‍ലന്‍ഡില്‍ 'ഇടിത്തീ'; ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് ഐറിഷ് പട, ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി

ടി20 ലോകകപ്പ് കിരീടം നേടിയ ആവേശത്തോടെ അയര്‍ലന്‍ഡിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത തോല്‍വി. ബെല്‍ഫാസ്റ്റില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ 34 റണ്‍സിനാണ് ആതിഥേയരായ അയര്‍ലന്‍ഡ് ഇന്ത്യയെ അട്ടിമറിച്ചത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ അയര്‍ലന്‍ഡ് നേടുന്ന ആദ്യ വിജയമാണിത്.

ബെല്‍ഫാസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു ഘട്ടത്തില്‍ 30 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ പതറിയ ഐറിഷ് പടയെ നായകന്‍ ലോര്‍കന്‍ ടക്കറും മധ്യനിര താരം ഗാരത് ഡിലാനിയും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ടക്കറും 49 റണ്‍സുമായി ഡിലാനിയും തിളങ്ങിയപ്പോള്‍ അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യക്കായി നാലോവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ഷിത് റാണ മികച്ച പ്രകടനം കാഴ്ചവെച്ചു.

183 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. ലോകകപ്പിലെ മിന്നും താരം സഞ്ജു സാംസണ്‍ വെറും 5 റണ്‍സുമായി രണ്ടാം ഓവറില്‍ തന്നെ മടങ്ങി. തൊട്ടുപിന്നാലെയെത്തിയ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഓപ്പണര്‍ അഭിഷേക് ശര്‍മ തകര്‍ത്തടിച്ചു. 20 പന്തില്‍ 7 ഫോറും 2 സിക്‌സറുമടക്കം 49 റണ്‍സ് നേടിയ അഭിഷേക് എട്ടാം ഓവറിലാണ് പുറത്തായത്.

മധ്യനിരയില്‍ തിലക് വര്‍മയും ശിവം ദുബെയും അക്‌സര്‍ പട്ടേലും ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഐറിഷ് ബൗളിങ് വീര്യത്തിന് മുന്നില്‍ ഇന്ത്യ തകരുകയായിരുന്നു. അയര്‍ലന്‍ഡിനായി അരങ്ങേറ്റം കുറിച്ച മാറ്റ് ഹൊല്ലാര്‍ഡും ജയ് മൂന്ദ്രയും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഹൊല്ലാര്‍ഡും അവസാന ഓവറുകളില്‍ തകര്‍ത്തറിഞ്ഞ മാത്യു ഹംഫ്രിസും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജയ് മൂന്ദ്ര രണ്ട് വിക്കറ്റ് നേടി. ഒടുവില്‍ 18.5 ഓവറില്‍ 148 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ചരിത്ര വിജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ അയര്‍ലന്‍ഡ് മുന്നിലെത്തി. ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10