തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വാഹനത്തിനുള്ളിൽ വെച്ച് ഇരുവർക്കുമൊപ്പമെടുത്ത സെൽഫിയാണ് സഞ്ജു തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. സഞ്ജു സാംസണും മോഹൻലാലും ഒരു വാഹനത്തിനുള്ളിൽ നിന്നെടുത്ത സെൽഫിയാണിത്.
സവിശേഷമായ എന്തോ ഒന്ന് വരുന്നുണ്ട്, എന്ന ക്യാപ്ഷനോടെയാണ് ടീം സാംസൺ എന്ന അക്കൗണ്ട് ചിത്രം പങ്കുവെച്ചത്. സഞ്ജുവും സമാനമായ രീതിയിലാണ് കുറിച്ചത്. എക്കാലത്തെയും മികച്ചവനായ ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാനായത് സവിശേഷമായ അനുഭവമാണ്. - സഞ്ജു ചിത്രത്തോടൊപ്പം കുറിച്ചു. ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ പരസ്യ ചിത്രമോ മറ്റ് പ്രോജക്ടുകളോ ആകാം ഇതിന് പിന്നിലെന്നാണ് ആരാധകരുടെ നിഗമനം. നിലവിൽ മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന സഞ്ജുവിന്റെ അടുത്ത ടൂർണമെന്റ് ഏഷ്യൻ ഗെയിംസാണ്.